cash-spill

വാഷിംഗ്‌‌ടൺ : ലോകത്ത് കൊവിഡ് മരണം 1.66 ലക്ഷം കടന്നു. 24 ലക്ഷത്തോളം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിൽ മരണസംഖ്യ 40,​000 കടന്നിട്ടും ലോക്ക്‌ ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി. വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ ന്യൂയോർക്ക്, വാഷിംഗ്‌ടൺ, ഡെൻവർ,​ മെരിലാൻഡ്, ടെക്സാസ്, മിഷിഗൺ എന്നിവിടങ്ങളിലായി ആയിരങ്ങളാണ് പ്രതിഷേധിച്ചത്. വാഷിംഗ്ടണ്ണിലെ ഒളിംപ്യയിൽ മാത്രം 2500 പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ലോക്ക് ഡൗണിന് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മിഷിഗണിൽ ആരംഭിച്ച പ്രതിഷേധത്തെ അനുകൂലിച്ച് ട്രംപ് ട്വീറ്റ് ചെയ്തതോടെയാണ് മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിച്ചത്. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങൾ തെരുവിലിറങ്ങിയത് ആരോഗ്യപ്രവർത്തകർക്ക് തലവേദനയായിരിക്കുകയാണ്. അതേസമയം ഇളവുകൾ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ‌ട്രംപ്. ട്രംപിന്റെ ഈ തീരുമാനത്തിനെതിരെ സംസ്ഥാന ഗവർണർമാർക്ക് കടുത്ത വിയോജിപ്പാണുള്ളത്. ഡെമോക്രാറ്റിക്‌ ഗവർണർമാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നവംബറിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ട്രംപ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

അമേരിക്കയിലാണ് മരണസംഖ്യ കൂടുതലെങ്കിലും മരണ നിരക്കിൽ ബെൽജിയമാണ് മുന്നിൽ. അതായത് ഒരുലക്ഷം ആളുകളിൽ എത്ര പേർ മരണപ്പെട്ടു എന്ന കണക്കു നോക്കുമ്പോൾ ബെൽജിയത്തിൽ അത് 14.8% ഉം അമേരിക്കയിൽ 5.4 % ഉം ആണ്. ആകെ 5,828 പേരാണ് ബെൽജിയത്തിൽ മരിച്ചത്.

സ്പെയിനിലും ഇറ്റലിയിലും പ്രതിദിന മരണസംഖ്യ കുറയുന്നു. സ്പെയിനിൽ ഇന്നലെ 339 പേർ കൂടി മരിച്ചതോടെ ആകെ മരണം 20,852 ആയി. ഇറ്റലിയിൽ 23,660 പേർ മരിച്ചു.

ബ്രിട്ടനിൽ 16,060 പേരും, ഫ്രാൻസിൽ 19,718 പേരും, ജർമ്മനിയിൽ 4642 പേരും, നെതർലാൻഡ്സിൽ 3684 പേരും, ഇറാനിൽ 5118 പേരും മരിച്ചു.

ഇസ്ലാമിക പണ്ഡിതനായ മൗലാന ജുബൈർ അഹ്‌മ്മദ് അൻസാരിയുടെ സംസ്കാര ചടങ്ങിൽ പതിനായിരങ്ങൾ പങ്കെടുത്തതിനെ തുടർന്ന് ബംഗ്ലാദേശിൽ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി.