pic-

ഭോപ്പാൽ : കൊവിഡിനെ തുടർന്ന് രാജ്യം ലോക്ക് ഡൗൺ ചെയ്തത് മുതൽ മദ്ധ്യപ്രദേശിലെ ഒരു ഗുഹയ്ക്കുള്ളിൽ താമസിക്കുകയായിരുന്നു മുംബയ് സ്വദേശിയായ വീരേന്ദ്ര സിംഗ്. ഞായറാഴ്ച വൈകുന്നേരമാണ് റൈസൻ ജില്ലയിലുള്ള ഉദയപുര വനങ്ങളിലെ ഒരു ഗുഹയ്ക്കുള്ളിൽ നിന്നും സോഫ്റ്റ് വെയർ എഞ്ചിനീയറായ വീരേന്ദ്ര സിംഗിനെ പൊലീസ് കണ്ടെത്തുന്നത്. കുറച്ച് വസ്ത്രങ്ങളും മഹാഭാരതത്തിന്റെ ഒരു പകർപ്പും മാത്രമെ അദ്ദേഹത്തിന്റെ കൈയ്യിൽ ഉണ്ടായിരുന്നുള്ളു.

നർമദ പരിക്രമത്തിന് ഇറങ്ങിയ യുവാവാണ് ലോക്ക് ഡൗണായതോടെ വഴി തെറ്റി വനത്തിൽ അകപ്പെട്ടത്. മദ്ധ്യപ്രദേശിലെ അമർകാന്തക്കിലെ ഉറവിടത്തിൽ നിന്ന് ഗുജറാത്തിലെ നദീതീരത്തേക്ക് കാൽനടയായി യാത്ര ചെയ്താണ് ഇദേഹം ചുറ്റിക്കറങ്ങിയത്. ഇതിനിടെ വഴി തെറ്റി ഒരു മാസമായി ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെ ഗുഹയ്ക്കുള്ളിൽ കഴിയുകയായിരുന്നു ഇദേഹം. തുണയായി കൈയിൽ മഹാഭാരത്തിന്റെ ഒരു പകർപ്പ് മാത്രം.


ഞായറാഴ്ച വൈകുന്നേരം കന്നുകാലികളെ മേയ്ക്കാൻ എത്തിയവരാണ് വീരേന്ദ്രൻ ഗുഹയിൽ ഉള്ള വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.