കൊവിഡ് പ്രതിരോധ ചരിത്രത്തിൽ ഇന്ത്യയുടെ ചിത്രം വരച്ചാൽ അതെങ്ങനെയിരിക്കും? ഏകദേശം ഇരുപതോളം രാജ്യങ്ങളുടെ വ്യാപ്തിയുണ്ടാവും അതിന്. കേൾക്കുമ്പോൾ അതിശയോക്തിയെന്ന് തോന്നാമെങ്കിലും വസ്തുതകൾ പറയുന്നത് അതാണ്.
കൊവിഡ് ഭീകരരൂപം പ്രാപിച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നായ, 6.7 കോടി ജനങ്ങളുള്ള ബ്രിട്ടനിൽ, വൈറസിനെ പ്രതിരോധിക്കാൻ ഭരണകൂടത്തിന് ചെയ്യേണ്ടിവരുന്ന അത്രയും കാര്യങ്ങളാവും 7.7 കോടി ജനങ്ങളുള്ള രാജസ്ഥാനിൽ മാത്രമായി ഇന്ത്യയ്ക്ക് ചെയ്യേണ്ടിവരുന്നത്. ബ്രിട്ടനിലെ ആകെ രോഗികളുടെ എണ്ണം 1,20,067 ഉം മരണസംഖ്യ 16,060 ഉം ആണ്. രാജസ്ഥാനിൽ ഇത് യഥാക്രമം 1478ഉം 14ഉമാണ്. തീർന്നില്ല. 6.7 കോടി ജനങ്ങളുള്ള കർണാടകയിലും, കൊവിഡ് മൂലം ഏറ്റവുമധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട 6 കോടി ജനങ്ങളുള്ള ഇറ്റലിയിലും ചെയ്യേണ്ടിവരുന്നത് ഒരേ അളവിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ്. 1,78,972 പേർക്കാണ് ഇതിനോടകം ഇറ്റലിയിൽ രോഗം ബാധിച്ചത്. മരണം സംഭവിച്ചത് 23,660 പേർക്കും. കർണാടകത്തിലിത് 390ഉം 16ഉം ആണ്.
കേരളത്തിന്റെ കണക്കുകൾ പരിശോധിച്ചാലോ? 3.6 കോടി ജനങ്ങളുണ്ടിവിടെ. 4 കോടി ജനങ്ങളുള്ള ഇറാക്കിലെയോ, 3.4 കോടി ജനങ്ങളുള്ള സൗദി അറേബ്യയിലെയോ ഒക്കെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആവശ്യമായി വരും കേരളത്തിൽ. ഇറാക്കിൽ ആകെ രോഗികൾ 1539ഉം മരണസംഖ്യ 82 മാണ്. സൗദി അറേബ്യയിലാണെങ്കിൽ യാഥാക്രമം 9362ഉം 97മാണ്. കേരളത്തിൽ ഇന്നലെവരെ ആകെ രോഗികൾ 408ഉം മരണം രണ്ടുമാണ്.
തമിഴ്നാട്ടിലെ കാര്യമെടുത്താലോ, 8.4 കോടി ജനങ്ങളുള്ള തുർക്കിയിലോ 8.3 കോടി ജനങ്ങളുള്ള ജർമ്മനിയിലോ ചെയ്യുന്ന പണിയെടുക്കണം 7.7കോടി ജനങ്ങളുള്ള തമിഴ്നാട്ടിൽ കൊവിഡിനെ പ്രതിരോധിക്കാൻ. തുർക്കിയിൽ 86,306 പേർക്ക് രോഗം ബാധിക്കുകയും 2017 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തപ്പോൾ 1477 പേർ മാത്രമാണ് തമിഴ്നാട്ടിൽ ഇതുവരെ രോഗബാധിതരായത്. മരണമാകട്ടെ 15ഉം. ഇത്തരത്തിൽ ക്യൂബ, സ്വിറ്റ്സർലൻഡ്, സൗത്ത് ആഫ്രിക്ക തുടങ്ങി ഇരുപതോളം രാജ്യങ്ങളുടെ കാര്യവും പരിശോധിക്കാവുന്നതാണ്.