vijay-mallya

ലണ്ടൻ: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യന്‍ വ്യവസായി വിജയ് മല്യ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കു നാടുകടത്താനുള്ള നീക്കത്തിനെതിരെ നൽകിയ അപ്പീല്‍ യു.കെ ഹൈക്കോടതി തള്ളി. 9000 കോടി രൂപയുടെ പണം തട്ടിപ്പ് കേസാണ് മല്യക്കെതിരെ ഇന്ത്യയിലുള്ളത്. വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷർ എയര്‍ലൈന്‍സ് വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നായാണ് 9000 കോടി രൂപ വരെ വായ്‍പയെടുത്തത്. ഈ കേസില്‍ വിചാരണ ചെയ്യുന്നതിനാണ് ഇന്ത്യ മല്യയെ കൈമാറാന്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യൻ ജയിലുകളിൽ വൃത്തിഹീനമായ സാഹചര്യമായതിനാൽ തന്നെ കൈമാറരുതെന്ന് കാണിച്ച് മല്യ നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു. മല്യയെ ഇന്ത്യക്കു കൈമാറാൻ കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റർ മജിസ്ട്രേട്ട്സ് കോടതി ഉത്തരവിട്ടത്. വായ്പാത്തട്ടിപ്പു കേസിൽ പ്രഥമദൃഷ്ട്യാ മല്യ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാലായിരുന്നു വിധി.

അപ്പീല്‍ കോടതി തള്ളിയതോടെ മല്യയെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തില്‍ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് ഇനി തീരുമാനമെടുക്കുക. 2017ലാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്. അതേസമയം,​ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്‍പയെടുത്ത മുഴുവന്‍ തുകയും തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് മാര്‍ച്ച് 31-ന് മല്യ ട്വീറ്റ് ചെയ്‍തിരുന്നു.