
തിരുവനന്തപുരം : ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായി കേരള പൊലീസ് തയ്യാറാക്കിയ ബോധവത്കരണ വീഡിയോ ജനപ്രിയമാകുന്നു. പ്രശസ്ത സംവിധായകനായ ദീപു കരുണാകരനാണ് മുഖമേതായാലും മാസ്‌ക് മുഖ്യമെന്ന പേരിൽ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മാസ്‌ക്ക് ധരിക്കേണ്ടതിന്റ പ്രധാന്യം മാസ്‌ക്കിനോട് ശരാശരി ഒരു മലയാളി കാണിക്കുന്ന വൈമനസ്യം എന്നിവ കോർത്തിണക്കി ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിരിക്കുന്നത്.
ഏറെ പ്രാധന്യമുള്ള വിഷയം വളരെ ലളിതമായി ആദ്യ കാഴ്ചയിൽ തന്നെ മനസിലേക്ക് എത്തിക്കാൻ കഴിയുന്ന തരത്തിലാണ് അവതരണം. സംഭാഷണങ്ങളില്ലാതായാണ് ആശയം കാണികളിലേക്ക് എത്തിക്കുന്നത്. തേജാഭായ് ആൻഡ് ഫാമിലി, ക്രേസി ഗോപാലൻ ,ഫയർമാൻ, കരിങ്കുന്നം സിക്സസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ദീപു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾ വീട്ടിലിരിക്കേണ്ടതിന്റെ പ്രധാന്യം വ്യക്തമാക്കുന്ന ബ്രൂണോയെന്ന രണ്ടു വയസുള്ള നായക്കുട്ടിയെ കേന്ദ്രീകരിച്ചുള്ള ബോധവത്കണ വീഡിയോയും ദീപു തയ്യാറാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാസ്‌കിന്റെ പ്രധാന്യം പ്രമേയമാക്കിയുള്ള വീഡിയോയ തയ്യാറാക്കിയത്.
ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ രാജേഷ് ജയകുമാരൻ പാച്ചല്ലൂരാണ് ഇതിലെ ഏക കഥാപാത്രം. സംഭാഷങ്ങളില്ലെങ്കിലും മുഖഭാവത്തിലൂടെ ആശയത്തെ ജനങ്ങളലെത്തിക്കുന്നതിൽ രാജേഷ് വിജയിക്കുന്നു. സിനിമകളിലൂടെയും പരസ്യചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ പ്രശാന്ത് കൃഷ്ണയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശങ്കർ എസ്.കെ.