തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആദ്യമായി സ്‌കൂൾ കലോത്സവം ഓൺലൈനായി നടത്തുന്നു. ഐ.ടി സഹകരണ സ്ഥാപനമായ സിറ്റ്മികോസാണ് പദ്ധതി ആവിഷ്‌കരിച്ചത്.
സിലബസ് ഭേദമെന്യേ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും 1 മുതൽ 12 വരെ ക്ളാസുകളിലുള്ളവർക്ക് പങ്കെടുക്കാം.
പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും വിജയികൾക്ക് ട്രോഫി, ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ്, കലാതിലകം, കലാപ്രതിഭ പട്ടങ്ങളും നൽകുന്നതോടൊപ്പം ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന സ്‌കൂളുകൾക്ക് ട്രോഫികളും നൽകും. ഇത് സംബന്ധിച്ച് സ്‌കൂൾ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ എന്നിവർക്ക് അറിയിപ്പ് നൽകിയിരുന്നു. 986 എൻട്രികളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.
താത്പര്യമുള്ളവർ മത്സര ഇനത്തിന്റെ വീഡിയോ/ ചിത്രങ്ങൾ/ കൈയെഴുത്തുപ്രതി എന്നിവയ്‌ക്കൊപ്പം അവരുടെ വിവരങ്ങൾ ഫോൺനമ്പർ ഉൾപ്പെടെ മേയ് 4 വൈകിട്ട് 4ന് മുൻപ് സമർപ്പിക്കണം. സമർപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കൂട്ടിച്ചേർക്കലുകളോ ക്രമക്കേടുകളോ ഉണ്ടായാൽ അസാധുവാക്കുന്നതോടൊപ്പം വരുന്ന കലോത്സവങ്ങളിൽ നിന്നു വിലക്കുകയും ചെയ്യും. കൊവിഡ് പശ്ചാത്തലത്തിൽ നൃത്ത ഇനങ്ങളിലെ ആടയാഭരണങ്ങൾക്ക് ഇളവുകളുണ്ട്. വിശദവിവരങ്ങൾക്ക്: www.sitmicos.com, 0471 2317755