ഇന്ത്യയുടെ നടപടി വിവേചനപരം, സ്വതന്ത്ര്യ വ്യാപാരത്തിന് തടസം
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ വിദേശ നിക്ഷേപ നയം വിവേചനപരവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് വിശേഷിപ്പിച്ച ചൈന, ഭേദഗതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. ലോക വ്യാപാര സംഘടനയുടെ (ഡബ്ള്യു.ടി.ഒ) ചട്ടങ്ങൾ ലംഘിച്ചുള്ള ഇന്ത്യയുടെ നയ ഭേദഗതി സ്വതന്ത്ര വ്യാപാരത്തിന് തടസമാണെന്ന് ഇന്ത്യയിലെ ചൈനീസ് ഏംബസി പ്രതികരിച്ചു.
ലോക്ക്ഡൗണിലെ സമ്പദ്ഞെരുക്കത്തെ തുടർന്ന്, ഇന്ത്യൻ കമ്പനികളുടെ ഓഹരിവില ഇടിഞ്ഞിരുന്നു. ഇതു മുതലെടുത്ത് ചൈനീസ് സർക്കാരിന്റെ കീഴിലുള്ള കമ്പനികൾ ഇന്ത്യൻ ഓഹരികൾ വൻതോതിൽ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്, കഴിഞ്ഞദിവസം നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ) നയം ഇന്ത്യ തിരുത്തിയത്. പാകിസ്ഥാനും ബംഗ്ളാദേശും ഒഴികെയുള്ള അയൽ രാജ്യങ്ങളിലെ നിക്ഷേപകർക്ക്, ഇന്ത്യയിൽ നിക്ഷേപിക്കാൻ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്ന നയമാണ് തിരുത്തിയത്.
മുംബയ് ആസ്ഥാനമായുള്ള ഭവന വായ്പാ സ്ഥാപനമായ എച്ച്.ഡി.എഫ്.സിയെ ഓഹരി പങ്കാളിത്തം കഴിഞ്ഞമാസം ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഒഫ് ചൈന 1.01 ശതമാനമായി ഉയർത്തിയ പശ്ചാത്തലത്തിലാണ്, ഒരു രാജ്യത്തെയും പരാമർശിക്കാതെ ഇന്ത്യ എഫ്.ഡി.ഐ നയം ഭേദഗതി ചെയ്തത്.
എഫ്.ഡി.ഐ: കൂടുതൽ
നിരീക്ഷണത്തിന് സെബി
വിദേശ നിക്ഷേപകരെ കൂടുതൽ ജാഗ്രതയോടെ വീക്ഷിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയും (സെബി) ഒരുങ്ങുന്നു. ചൈന, ഹോങ്കോംഗ് എന്നിവയുൾപ്പെടെ 13 രാജ്യങ്ങളിലെ നിക്ഷേപകരാണ് സെബിയുടെ ഉന്നം.
കേമാൻ ഐലൻഡ്സ്, സിംഗപ്പൂർ, അയർലൻഡ്, ലക്സംബർഗ് എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) ഇന്ത്യയിൽ നിക്ഷേപിക്കുന്നുണ്ട്. ഈ രാജ്യങ്ങളിലൂടെ ചൈനീസ് ഫണ്ട് തന്നെയാണോ ഇന്ത്യയിൽ എത്തുന്നതെന്ന സംശയം ഉയർന്നിട്ടുണ്ട്.