sreesankar

തിരുവനന്തപുരം : ലോക്ക്ഡൗണിൽ പട്യാലയിലെ ഹോട്ടൽ മുറിയിൽ കുടുങ്ങിപ്പോകുന്നതിൽ നിന്ന് കഷ്ടിച്ചാണ് ഇന്ത്യൻ ലോംഗ് ജമ്പ് താരം ശ്രീശങ്കറെന്ന ശങ്കു രക്ഷപെട്ടത്. എന്നാൽ കൈപ്പിടിയിലൊതുങ്ങുമെന്ന് കരുതിയ ഒളിമ്പിക് യോഗ്യതയ്ക്കുള്ള അവസരം ഇനിയെന്ന് തേടിയെത്തുമെന്ന് അറിയാത്തതിലുള്ള സങ്കടം മാറുന്നില്ല.

ടോക്കിയോ ഒളിമ്പിക്‌സ് യോഗ്യത എന്ന ലക്ഷ്യവുമായാണ് കഴിഞ്ഞ മാസം 17ന് ലോംഗ്ജമ്പ് താരമായ ശ്രീശങ്കർ 20-ാം തീയതിയിലെ ഇന്ത്യൻ ഗ്രാൻപ്രീയിൽ പങ്കെടുക്കാൻ പട്യാലയിലെത്തിയത്. എന്നാൽ കൊവിഡിന്റെ വരവോടെ ഗ്രാൻപ്രീ റദ്ദാക്കിയതായി 19-ാം തീയതി അറിയിപ്പുകിട്ടി. ജനതാ കർഫ്യൂവിന് ശേഷം ലോക്ക് ഡൗണിന് സാദ്ധ്യതയുള്ളതിനാൽ ദേശീയ ക്യാമ്പിൽ നേരത്തെ പരിശീലനം നടത്തിവന്നവർക്ക് മാത്രമേ താമസസൗകര്യമുണ്ടാകുവെന്നും അറിയിപ്പുണ്ടായിരുന്നു.

ഇതോടെ ശങ്കു താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ബാഗുമെടുത്ത് പാലക്കാട്ടെ വീട്ടിലേക്ക് യാത്ര തിരിച്ചു. എന്നാൽ എയർപോർട്ടിലെത്തിയപ്പോൾ കോയമ്പത്തൂരിലേക്കുള്ള വിമാനം റദ്ദാക്കിയിരിക്കുന്നു.പിന്നീട് മുംബയ് വഴി കോയമ്പത്തൂരിലെത്തി അവിടെ നിന്ന് വീട്ടിൽ കയറിയപ്പോഴേക്കും രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടിരുന്നു.പിന്നീട് രണ്ടാഴ്ച വീട്ടിൽ ക്വാറന്റൈൻ.

ലോക്ക്ഡൗണിൽ വീട്ടിലിരിക്കുമ്പോഴും നല്ല പ്രതീക്ഷയുണ്ടായിരുന്ന ഒളിമ്പിക് ക്വാളിഫിക്കേഷനിലേക്ക് എത്താൻ കഴിയാൻ പോയതിന്റെ സങ്കടമാണ് ശങ്കുവിന്. ഇന്ത്യൻ ഗ്രാൻപ്രീയിലോ ജൂണിൽ നിശ്ചയിച്ചിരുന്ന ഫെഡറേഷൻ കപ്പിലോ ഒളിമ്പിക് യോഗ്യതാ മാർക്കായ 8.22 മീറ്റർ ചാടിക്കടക്കാമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നാൽ ഇൗ മീറ്റുകളെല്ലാം മാറ്റിവച്ചിരിക്കുകയാണ് . ഒളിമ്പിക്സും ഒരുകൊല്ലം കഴിഞ്ഞേ നടക്കൂ .ഒക്ടോബർ മുതൽ ആഭ്യന്തര മീറ്റുകൾ പുനരാരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഡിസംബർ മുതലുള്ള മീറ്റുകളിലെ പ്രകടനമേ ഒളിമ്പിക്സിന് യോഗ്യതയായി പരിഗണിക്കൂ.

2018ൽ ഭുവനേശ്വറിൽ നടന്ന നാഷണൽ ഒാപ്പൺ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചാടിയ 8.20 മീറ്ററാണ് ശങ്കുവിന്റെ പേഴ്സണൽ ബെസ്റ്റ്. ഇതിനെക്കാൾ മികച്ച ദൂരമാണ് ഇൗ സീസണിൽ പ്രതീക്ഷിച്ചത്. പരിശീലന സമയത്ത് 8.50 മീറ്ററാണ് ലക്ഷ്യം വച്ചിരുന്നത്.

എന്നാണ് അടുത്ത ചാട്ടമെന്ന് അറിയില്ലെങ്കിലും ലോക്ക് ഡൗണിൽ പരിശീലനമൊന്നും ശങ്കു മുടക്കുന്നില്ല. വീട്ടുമുറ്റത്ത് പരിശീലനത്തിൽ സഹായിക്കാൻ കായിക താരങ്ങളായ അച്ഛൻ മുരളിയും അമ്മ ബിജിമോളുമുണ്ട്. ദക്ഷിണേഷ്യൻ ഗെയിംസ് ട്രിപ്പിൾ ജമ്പ് മുൻ വെള്ളിമെഡൽ ജേതാവായ പിതാവ് എസ്.മുരളിയാണ് ശങ്കുവിന്റെ പരിശീലകൻ. അമ്മ ബിജിമോൾ 1992 ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിലെ 800 മീറ്റർ വെള്ളിമെഡൽ ജേതാവാണ്. സഹോദരി ശ്രീപാർവതി ഹെപ്റ്റാത്ത്ലൺ താരമാണ്.

ലോക്ക്ഡൗൺ ഹോബീസ്

ട്രാക്കിലിറങ്ങി പരിശീലനമില്ല. രാവിലെയും വൈകിട്ടും വീട്ടുമുറ്റത്ത് അത്യാവശ്യം വെയ്റ്റ് ട്രെയ്നിംഗും മറ്റും. പിന്നെയുള്ള സമയം നെറ്റ്ഫ്ളിക്സിൽ സിനിമകൾ കാണുന്നു. ഇന്റർനെറ്റിൽ പരതിനടക്കുന്നു. പാലക്കാട് വിക്ടോറിയ കോളേജിൽ ഗണിതശാസ്ത്ര ബിരുദ വിദ്യാർത്ഥിയാണ്. പാഠപുസ്തകങ്ങൾ നോക്കാനും ഇപ്പോൾ സമയമുണ്ട്.

ഇൗ സീസണിൽ ഇനി മത്സരങ്ങളൊന്നും നടക്കാൻ വഴിയില്ല. ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾ ഡിസംബർ മുതലേയുളളൂ. എനിക്ക് അടുത്ത ഫെബ്രുവരി - മാർച്ച് മാസത്തിലേ ഏതെങ്കിലും മത്സരങ്ങൾ കാണുകയുള്ളൂ. ഒളിമ്പിക് യോഗ്യതയ്ക്കായി അതുവരെയുള്ള കാത്തിരിപ്പാണ് കഠിനം.

- ശ്രീശങ്കർ