തിരുവനന്തപുരം: കൊവിഡ് രോഗത്തെ തുടർന് നിറുത്തിവച്ച രജിസ്ട്രേഷൻ വകുപ്പിലെ സേവനങ്ങൾ ഗ്രീൻ, ഓറഞ്ച് ബി സോണുകളിൽ നിയന്ത്രണത്തോടെ പുനരാരംഭിച്ചതായും ഇന്നലെ 29 ആധാരങ്ങളും 2629 ഗഹാനുകളും രജിസ്റ്റർ ചെയ്തതായും 2400 കുടിക്കട സർട്ടിഫിക്കറ്റുകൾ തയ്യാറാക്കിയതായും മന്ത്രി ജി. സുധാകരൻ അറിയിച്ചു. ഓറഞ്ച് എ സോണിൽപ്പെട്ട പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ 24 മുതലും സേവനങ്ങൾ ആരംഭിക്കും. പ്രസ്തുത ജില്ലകളിൽ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളിലെ ഓഫീസുകളുടെ പ്രവർത്തനം സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായി മാത്രമേ ആരംഭിക്കൂ. റെഡ് സോണിൽപ്പെട്ട മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ ലോക്ക് ഡൗൺ പൂർത്തിയാകുന്ന മുറയ്ക്ക് സേവനങ്ങൾ ആരംഭിക്കും. സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി ഓഫീസിൽ ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.