modi

ജയ്പ്പൂർ: ജനങ്ങൾക്കിടയിൽ റേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിനിടെ 'മോദിയാണോ ഗെലോട്ടാണോ ഭേദം' എന്ന് ചോദിക്കുന്ന രാജസ്ഥാനിലെ കോൺഗ്രസ് എം.എൽ.എയുടെ വീഡിയോ വിവാദത്തിൽ. എം.എൽ.എ ഇത്തരത്തിൽ ജനങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ 34 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു.

റേഷൻ കിറ്റ് വിതരണത്തിനിടെ ജനങ്ങളെ താൻ വിശപ്പോടെ കിടന്നുറങ്ങാൻ അനുവദിക്കില്ലെന്നും മോദിയാണ് ഭേദമെങ്കിൽ വീടുകളിൽ പോയി വിളക്ക് കത്തിക്കണമെന്നും ചിറ്റോർഗർഹ് ജില്ലയിലെ ബേഗൺ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ രാജേന്ദ്ര സിംഗ് ബിദൂരി വീഡിയോയിൽ ചോദിക്കുന്നത് കേൾക്കാം.

गरीब निर्धन लोग जिनके लिए दो वक्त का खाना भी मशक्कत बन चुका है उन्हें सभा लगाकर राशन देने के नाम पर बुलाना और फिर सवाल करना कि बताओ मोदी अच्छा है या गहलोत?

यह राजस्थान ही नहीं अपितु पूरे देश को शर्मसार कर देने वाली घटना है? #RajasthanFightsCorona pic.twitter.com/L49i3b5QVa

— Gajendra Singh Shekhawat (@gssjodhpur) April 19, 2020

'ഞാൻ നിങ്ങളെ വിശപ്പോടെ കിടന്നുറങ്ങാൻ അനുവദിക്കില്ല. ആരാണ് ഭേദം? മോദിയോ അശോക് ഗെലോട്ടോ? ആരാണ് ഭേദമെന്ന് പറ. എന്താ നിങ്ങൾ പറഞ്ഞത്? മോദിയോ? എങ്കിൽ പോയി വിളക്ക് കത്തിക്ക്.' കോൺഗ്രസ് എം.എൽ.എയുടെ വാക്കുകൾ കേട്ട് കൂടെയുള്ളവർ ചിരിക്കുന്നതും വീഡിയോയിൽ കാണാം. പ്രധാനമന്ത്രി മോദിയെ പിന്തുണച്ച ഒരു വൃദ്ധയ്ക്ക് എം.എൽ.എ റേഷൻ കിറ്റ് നൽകാൻ വിസ്സമ്മതിച്ചതായും പരാതിയുണ്ട്.

കോൺഗ്രസ് നേതാവിന്റെ വീഡിയോ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്ന പാവപ്പെട്ട ജനങ്ങളെ റേഷൻ നൽകാമെന്ന് മോഹിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷം 'മോദിയാണോ ഗെലോട്ടാണോ ഭേദം' എന്ന് ചോദിക്കുന്ന പ്രവണത രാജസ്ഥാന് മാത്രമല്ല ഇന്ത്യക്കാകെ നാണക്കേടാണ് ഉണ്ടാക്കുന്നെതെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

എന്നാൽ തന്റെ പേരിലുള്ള വീഡിയോ എഡിറ്റ് ചെയ്തതാണെന്ന മറുവാദമാണ് കോൺഗ്രസ് എം.എൽ.എ ഉയർത്തുന്നത്. മോദി അനുകൂലിയായ ഒരാളാണ് മോദിയാണ് ഭേദം എന്ന് പിന്നിൽ നിന്നും വിളിച്ചുപറഞ്ഞതെന്നും അതിനെ താൻ പ്രതിരോധിക്കുകയാണ് ഉണ്ടായതെന്നും എം.എൽ.എ പറയുന്നു. വൃദ്ധയ്ക്ക് താൻ റേഷൻ കിറ്റ് നൽകിയതായും എം.എൽ.എ വാദിച്ചു.