rudratej-singh

ന്യൂഡൽഹി: ബി.എം.ഡബ്ള്യു ഗ്രൂപ്പിന്റെ ഇന്ത്യാ സി.ഇ.ഒയും പ്രസിഡന്റുമായ രുദ്രതേജ് സിംഗ് (റൂഡി, 46) അന്തരിച്ചു. മരണകാരണം ഹൃദയാഘാതമെന്നാണ് സൂചന. ഇന്നലെ രാവിലെയായിരുന്നു മരണം.

2019 ആഗസ്‌റ്രിലാണ് അദ്ദേഹം ബി.എം.ഡബ്ള്യുവിൽ ചേർന്നത്. ഒട്ടേറെ വെല്ലുവിളികൾ ഉയർന്ന സാഹചര്യത്തിലും ബി.എം.ഡബ്ള്യുവിന്റെ ബിസിനസ് വളർച്ചയിലും ഡീലർഷിപ്പ് നെറ്റ്‌വർക്ക് വികസനത്തിനും അദ്ദേഹം മികച്ച പങ്കാണ് വഹിച്ചതെന്ന് കമ്പനി അനുസ്‌മരിച്ചു. 2020 ജനുവരി-മാർച്ചിലെ വില്‌പനയിൽ ബി.എം.ഡബ്ള്യു മെഴ്‌സിഡെസിനെ പിന്തള്ളിയിരുന്നു. ബി.എം.ഡബ്ല്യു 2,482 യൂണിറ്റുകളും മെഴ്‌സിഡെസ് 2,386 യൂണിറ്റുകളുമാണ് വിറ്റഴിച്ചത്. ഏഴു വർഷത്തിനിടെ ആദ്യമായാണ് വില്പനയിൽ ബി.എം.ഡബ്ള്യു മുന്നിലെത്തിയത്.

ബി.എം.ഡബ്ള്യുവിൽ എത്തുംമുമ്പ് അദ്ദേഹം റോയൽ എൻഫീൽഡിന്റെ ഗ്ളോബൽ പ്രസിഡന്റ് ആയിരുന്നു. യൂണിലിവറിൽ 16 വർഷവും പ്രവർത്തിച്ചിട്ടുണ്ട്. ബി.എം.ഡബ്ള്യു ഇന്ത്യ സെയിൽസ് ഡയറക്‌ടർ മിഹർ ദയാൽ (40) കാൻസ‌ർ ബാധിച്ച് ഇക്കഴിഞ്ഞ ഏഴിന് മരണപ്പെട്ടിരുന്നു. ചീഫ് ഫിനാൻഷ്യൽ ഓഫീസറായ അർലിന്ദോ തേക്‌സേറിയയെ ഇടക്കാല പ്രസിഡന്റായി ബി.എം.ഡബ്ള്യു നിശ്‌ചയിച്ചിട്ടുണ്ട്.