yogi

ലക്‌നൗ: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അച്ഛന്റെ മരണാന്തര കർമങ്ങളിൽ പങ്കെടുക്കേണ്ടെന്ന തീരുമാനമെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊവിഡ് രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തങ്ങൾ പാലിക്കേണ്ടതുണ്ടെന്നും പറഞ്ഞുകൊണ്ടാണ് അച്ഛന്റെ മരണാനന്തര ചടങ്ങിൽ നിന്നും യോഗി ഒഴിഞ്ഞുനിന്നത്.

ചടങ്ങുകൾക്ക് താൻ എത്തുകയില്ലെന്നും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് കർമങ്ങൾ നടത്തണമെന്നും യോഗി ആദിത്യനാഥ് കുടുംബത്തിന് നിർദേശം നൽകിയിരുന്നു. ഇന്ന് രാവിലെയാണ് ദില്ലി എയിംസില്‍ ചികിത്സയിലായിരുന്ന യോഗിയുടെ പിതാവ് ആനന്ദ് സിംഗ് ബ്രിഷ്ട് മരിച്ചത്. ഉത്തരാഖണ്ഡിലെ പൗരിയിൽ നാളെയാണ് സംസ്‌കാരം. ആനന്ദ് സിംഗ് കൊവിഡ് രോഗ ബാധിതനായിരുന്നു.

'പിതാവിന്റെ മരണവാര്‍ത്ത എന്നെ ദുഃഖത്തിലാഴ്ത്തി. വിശ്വസ്തനും കഠിനാധ്വാനിയും നിസ്വാര്‍ത്ഥനുമായിരിക്കാന്‍ പഠിപ്പിച്ചത് പിതാവാണ്. അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കൊറോണയില്‍ ഉത്തര്‍പ്രദേശിലെ 23 കോടി ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം എന്നിലര്‍പ്പിതമായതിനാല്‍ അതിന് കഴിഞ്ഞില്ല.'ഉത്തർ പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

'ലോക്ക്ഡൗണ്‍ കാരണം നാളെ പിതാവിന്റെ സംസ്‌കാര ചടങ്ങിലും പങ്കെടുക്കാന്‍ കഴിയില്ല. ചടങ്ങുകളില്‍ ലോക്ക്ഡൗണ്‍ പ്രോട്ടോക്കോള്‍ അനുസരിക്കാന്‍ അമ്മയോടും ബന്ധുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷം കുടുംബത്തെ സന്ദര്‍ശിക്കും'.യോഗി പറഞ്ഞു. കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന യോഗത്തിനിടെയാണ് യോഗി അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞത്. ആനന്ദ് സിംഗ് ബിഷ്ടിന്റെ മൃതദേഹം ഉത്തരാഖണ്ഡിലെ പൗരി ജില്ലയിൽ വച്ച് നാളെ സംസ്കരിക്കും.