ന്യൂഡൽഹി: രാജ്യത്തെ എല്ലാ ജൻധൻ അക്കൗണ്ടുകളിലേക്കും വിധവകളുടെയും ഭിന്നശേഷിക്കാരുടെയും മുതിർന്ന പൗരൻമാരുടെയും പെൻഷന്‍ അക്കൗണ്ടുകളിലേക്കും 7500 രൂപവീതം നിക്ഷേപിക്കണമെനന് കേന്ദ്രസർക്കാരിനോട് കോൺഗ്രസ് ആവശ്യപ്പെട്ടു. മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ അദ്ധ്യക്ഷതയിൽ രൂപീകരിച്ച കോൺഗ്രസിന്റെ കൂടിയാലോചനാ സമിതിയുടേതാണ് നിർദ്ദേശം.
കേന്ദ്ര സർക്കാരിന് സാമ്പത്തിക ഞെരുക്കം ഇല്ലെന്നും ലോക്ക്ഡൗൺ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ഉടൻ സാമ്പത്തിക സഹായം എത്തിക്കണമെന്നും സമിതി അംഗം ജയറാം രമേശ് ആവശ്യപ്പെട്ടു. ചെറുകിട - ഇടത്തരം വ്യവസായ മേഖലയുടെയും കാർഷിക മേഖലയുടെയും നിലനിൽപ്പിനായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ രണ്ട് ദിവസത്തിനകം കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും ജയറാം രമേശ് അറിയിച്ചു.
കൊവിഡ് 19 പ്രതിസന്ധി നേരിടുന്നതിൽ സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലോക്ക് ഡൗൺ മൂലം ചെറുകിട - ഇടത്തരം വ്യവസായ മേഖലയും കാർഷിക മേഖലയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ജൻ ധൻ അക്കൗണ്ടുകളിലേക്കും പെൻഷൻ അക്കൗണ്ടുകളിലേക്കും പണം എത്തിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.