കൊട്ടാരക്കര: ലോക്ക് ഡൗണിൽ പാഴ് കുപ്പികളിൽ ചിത്രമെഴുത്തിന്റെ തിരക്കിലാണ് സുരേഷ്. ഉപയോഗ ശൂന്യമായ കുപ്പികളിൽ ചണം ചുറ്റി നിറം പകർന്നും ചിത്രങ്ങളെഴുതിയും അലങ്കാര കൗതുകങ്ങളാക്കി മാറ്റിയപ്പോൾ ആവശ്യക്കാരും ഏറെയുണ്ടായി. ലോക്ക് ഡൗൺ പരീക്ഷണമായതിനാൽ ആവശ്യപ്പെട്ടവർക്കെല്ലാം സൗജന്യമായി അലങ്കാരക്കുപ്പികൾ നൽകുകയും ചെയ്തു.
കോട്ടാത്തല പണയിൽ വനജാലയത്തിൽ എസ്.സുരേഷിന് പാരമ്പര്യമായി പകർന്നുകിട്ടിയതാണ് ചിത്രകലാ വൈഭവം. അച്ഛൻ കോട്ടാത്തല ശശി പ്രമുഖനായ ചിത്രകാരനാണ്. അനുജൻമാരായ സന്തോഷും സുമേഷും ഭാര്യ ലീജയും മക്കൾ ലക്ഷ്മിയും കാർത്തിക്കുമൊക്കെ ചിത്രമെഴുത്തിൽ പ്രാഗത്ഭ്യം തെളിയിച്ചവരാണ്. സ്ക്രീൻ പ്രിന്റിംഗും ഗ്ളാസ് പെയിന്റിംഗും ഉൾപ്പടെ നടത്തുന്ന സുരേഷ് നേരത്തേ വല്ലം ക്ഷീരസംഘം പ്രസിഡന്റുമായിരുന്നു.