mona

ന്യൂയോർക്ക് : ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം മിൽഖാസിംഗിന്റെ മകൾ മോന ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ഹോസ്പിറ്റലിൽ ഒരു 'ഒാട്ട"പ്പന്തയത്തിലാണ്. കൊവിഡ് രോഗത്തിനെതിരെയാണ് ഇൗ ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടറായ മോനയുടെ നിറുത്താത്ത ഒാട്ടം.

ആശുപത്രിയിൽ അവധിയെടുക്കാതെയാണ് മോനയുടെ ഡ്യൂട്ടി. പന്ത്രണ്ടുമണിക്കൂർ വീതമുള്ള ഷിഫ്റ്റുകളിലായി അടിയന്തര ശുശ്രൂഷവേണ്ട രോഗികളെ പരിചരിക്കുന്നു.കനത്ത സുരക്ഷാഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും രോഗം പകരാനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാൽ ഡോക്ടർ എന്ന നിലയിലെ തന്റെ ഉത്തരവാദിത്വത്തിന് മുന്നിൽ മറ്റൊന്നും വലിയ കാര്യമായി തോന്നാറില്ലെന്ന് 54കാരിയായ മോന പറയുന്നു.

രോഗം ഏറ്റവും ഭീതിദമായി വിളയാടുന്ന അമേരിക്കയിൽ മകളുടെ സുരക്ഷയിൽ ഭയമുണ്ടെങ്കിലും ജീവനുകൾ രക്ഷിക്കാൻ അവളുടെ ശ്രമത്തിൽ അഭിമാനമുണ്ടെന്ന് മിൽഖാസിംഗ് പറയുന്നു. അന്താരാഷ്ട്ര ഗോൾഫ് താരം ജീവ് മിൽഖസിംഗിന്റെ ചേച്ചി കൂടിയാണ് മോന. രണ്ട് പതിറ്റാണ്ടിലേറെയായി ഇവർ അമേരിക്കയിലാണ് ജോലി നോക്കുന്നത്.പട്യാല മെഡിക്കൽ കോളേജിൽ നിന്നാണ് മെഡിക്കൽ ബിരുദം നേടിയത്.