തിരുവനന്തപുരം: ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉയര്‍ന്നതിനാല്‍ വിഷയത്തിൽ വിശദമായ പരിശോധന ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം ഇന്ന് വൈകിട്ട് നടത്തിയ വാർത്താ സമ്മേളനത്തിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ബാര്‍ബര്‍ ഷോപ്പുകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്നതിന് നേരത്തെ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് ഒട്ടേറെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പല ഉണ്ടായി. ബാർബർ ഷോപ്പുകൾ തുറന്നതുമായി ബന്ധപ്പെട്ട പലരാജ്യങ്ങളുടെയും അനുഭവങ്ങള്‍ പങ്കുവയ്ക്കപ്പെട്ടു. ഈ വിഷയത്തിൽ വിശദമായ പരിശോധന ആവശ്യമാണ്. ഇക്കാരണത്താൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് സംസ്ഥാനത്ത് ഇന്ന് ആറു പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആറു പേരും കണ്ണൂർ ജില്ലയിൽനിന്ന് ഉള്ളവരാണ്. ഇതിൽ അഞ്ചു പേരും വിദേശത്തു നിന്ന് വന്നവരുമാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇന്ന് 62 പേരെ നിരീക്ഷണത്തിനായി ആശുപതിയിൽ പ്രവേശിപ്പിച്ചു. ഇന്ന് മാത്രം 21 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ഇതിൽ 19 പേർ കാസർകോട് ജില്ലക്കാരാണ്. 2 പേർ ആലപ്പുഴയിൽ നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.