ദുബായ്: കൊവിഡ് ബാധിച്ച് ദുബായിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. ഒറ്റപ്പാലം സ്വദേശി അബ്ദുൽ ഖാദർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ഇതോടെ യു.എ.ഇയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികൾ ഒമ്പതായി.
ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം 26,000 കടന്നു. സൗദിയിൽ രോഗബാധിതരിൽ 83 ശതമാനവും വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു
സൗദി അറേബ്യയിലാണ് ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 10480 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 83 ശതമാനവും വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആറുപേരാണ് ഇന്നുമരിച്ചത്. ഇതോടെ ആകെ മരണം 103 ആയി. യു,എ.ഇ.യിൽ രോഗബാധിതരുടെ എണ്ണം 7265 ആയി.
അതേസമയം കുവൈറ്റിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. കാലാവധിയുള്ള പാസ്പോർട്ട് കൈവശമുള്ള ഇന്ത്യക്കാരുടെ രജിസ്ട്രേഷനാണ് ഇപ്പോൾ നടക്കുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരെ മേയ് നാല് മുതൽ കുവൈറ്റ് എയർവെയ്സിൽ സൗജന്യമായി ഇന്ത്യയിലെത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.