hungry-child

ന്യൂ​ഡ​ൽ​ഹി: കൊവിഡ് മൂലമുള്ള ലോക്ക്ഡൗണിന്റെ കാലത്ത് കൈവശമുള്ള അധിക ധാന്യം ഉപയോഗിച്ച് ഹാൻഡ് സാനിറ്റൈസർ നിർമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​മാ​ണ് തി​ങ്ക​ളാ​ഴ്ച ഇത് സംബന്ധിച്ചുള്ള തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ​ത്തി​ലെ പ്ര​ധാ​ന അ​സം​സ്കൃ​ത വ​സ്തു​വാ​യ എ​ഥ​നോ​ൾ നി​ർ​മി​ക്കു​ന്ന​തിനുവേണ്ടിയാണ് ഫുഡ് കോപ്പറേഷൻ ഒഫ് ഇന്ത്യ(എ​ഫ്.സി.​ഐ) ഗോ​ഡൗ​ണു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​ധി​ക​ധാ​ന്യം ഉ​പ​യോ​ഗി​ക്കു​ക. പെട്രോളിൽ ചേർക്കുന്നതിനായും എഥനോൾ ഉപയോഗിക്കും.

പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നാ​ഷ​ണ​ൽ ബ​യോ​ഫ്യൂ​വ​ൽ കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന് ബ​യോ​ഫ്യൂ​വ​ൽ സം​ബ​ന്ധി​ച്ച ദേ​ശീ​യ​ന​യം ചൂ​ണ്ടി​ക്കാ​ട്ടി പെട്രോളിയം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാജ്യത്ത് നിരവധി പേർ പട്ടിണിയിലായിരിക്കുന്ന സമയത്ത് ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളുന്നത് കേന്ദ്ര സർക്കാരിനെ വിവാദത്തിലേക്ക് നയിക്കാനാണ് സാദ്ധ്യത.

കേന്ദ്രത്തിന്റെ കൈവശം ധാന്യശേഖരം ഉണ്ടായിരിക്കെ രാജ്യത്തെ ദരിദ്ര വിഭാഗങ്ങൾ പട്ടിണി കിടക്കുന്നത് സംബന്ധിച്ച് അടുത്തിടെ ചോദ്യങ്ങൾ ഉയർന്നിരുന്നു. ലോക്ക്ഡൗൺ ആരംഭിക്കുന്ന കാലത്ത് രാജ്യത്തെ 8000 ലക്ഷം ദരിദ്ര ജനതയ്ക്ക് മൂന്ന് മാസത്തേക്ക് ഭക്ഷണത്തിനുള്ള വക പൊതുവിതരണ സംവിധാനങ്ങൾ വഴി നൽകുമെന്ന് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഉള്ള ജനങ്ങൾക്ക് കൈയിൽ റേഷൻ കാർഡുകൾ ഇല്ലാത്ത അവസ്ഥയായതിനാൽ ഇവർക്ക് ഭക്ഷണധാന്യം ലഭിക്കില്ല.