reynhard-zinaga

ലണ്ടൻ: 136 ബലാത്സംഗ കേസിലും 23 ലൈംഗികാതിക്രമ കേസിലും പ്രതിയായ ഇന്തോനേഷ്യൻ സ്വദേശിയായ കൊടുംകുറ്റവാളിയെ വെസ്റ്റ് യോർക്ക് ഷെയറിലെ ജയിലിലേക്ക് മാറ്റി. 195 പുരുഷൻമാരെ ലൈംഗികമായി പീഡിപ്പിച്ച റെയ്ൻഹാർഡ് സിനഗയെയാണ് 'ക്രൂരന്മാരുടെ കൊട്ടാരം' എന്നറിയപ്പെടുന്ന വെസ്റ്റ് യോക്ക്‌ഷെയറിലെ ജയിലിലേക്ക് മാറ്റിയത്. മാഞ്ചസ്റ്ററിലെ സ്‌ട്രേഞ്ച് വേയ്‌സ് ജയിലിൽനിന്നാണ് ഇയാളെ മാറ്റിയത്.

ബ്രിട്ടനിലെ ഏറ്റവും വലിയ കുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന ജയിലാണ് വെസ്റ്റ് യോർക്ക്‌ഷെയറിലേത്. മാഞ്ചസ്റ്റർ സർവകലാശാല വിദ്യാർത്ഥിയായിരുന്ന മുപ്പത്താറുകാരനായ സിനഗ പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ചശേഷം മദ്യത്തിൽ മയക്കുമരുന്ന് നല്‍കിയായിരുന്നു പീഡനം നടത്തിയിരുന്നത്. ഇതെല്ലാം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. അതിനാൽ മാനക്കേട് ഭയന്ന് പലരും സംഭവം പുറത്തു പറഞ്ഞിരുന്നില്ല. ഇതിനിടെ ഒരു റഗ്ബി താരത്തെ സമാനരീതിയിൽ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിനഗ പിടിയിലായത്.

മയക്കുമരുന്ന് നൽകി മയക്കിയെങ്കിലും പീഡനശ്രമത്തിനിടെ റഗ്ബി താരമായ കൗമാരക്കാരൻ ബോധം വീണ്ടെടുത്തു. തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് മനസിലാക്കിയതോടെ കൗമാരക്കാരൻ സിനഗയെ മർദിക്കുകയും ഫ്ലാറ്റിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു. തുടർന്നാണ് സിനഗയുടെ ക്രൂരകൃത്യങ്ങൾ പുറംലോകമറിഞ്ഞത്.