ന്യൂഡൽഹി: ഇന്ത്യയുമായുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുമുള്ള നിക്ഷേപം സ്വീകരികരിക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതികരിച്ച് ചൈന. ചൈനയിൽ നിന്നുമുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം വിവേചനപരമാണെന്നും അത് ഇന്ത്യ പുനഃപരിധിക്കണമെന്നുമാണ് ചൈന പറയുന്നത്. വിദേശ നിക്ഷേപം സംബന്ധിച്ച നിയമങ്ങൾ ശക്തമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ലോക വ്യാപാര സംഘടനയുടെ, വ്യാപാരവിവേചനത്തിനതിരെയുള്ള മാർഗ്ഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും ചൈന അഭിപ്രായപ്പെടുന്നു.
ഇന്ത്യയുടെ ഈ നടപടി സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരവിനിമയങ്ങൾക്ക് തടസമാണെന്നും ചൈന പറയുന്നുണ്ട്. ഇന്ത്യയുടെ മുൻപത്തെ വിദേശ നിക്ഷേപ നയം അനുസരിച്ച്, പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിന് മാത്രമാണ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നത്. ഇന്നലെയാണ് ഈ നിയമങ്ങൾ ശക്തമാക്കികൊണ്ട് ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമാർ, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെ കൂടി നിയമത്തിന്റെ പരിധിയിൽ ഇന്ത്യ കൊണ്ടുവന്നത്.
കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ കൈകൊണ്ട ഈ തീരുമാനത്തിലൂടെ ഇന്ത്യൻ കമ്പനികൾ പിടിച്ചടക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് തടയിടാനാണ് പുതിയ തീരുമാനത്തിലൂടെ ഇന്ത്യ പ്രധാനമായും ലക്ഷ്യമിടുന്നത്. കൊവിഡ് കാലത്തുപോലും ഇന്ത്യൻ ബാങ്കുകളുടെ ഉൾപ്പെടെയുള്ള ഓഹരികൾ വാങ്ങാൻ ചൈനീസ് കമ്പനികൾ നീക്കം നടത്തുന്നതും കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.
രോഗം മൂലം ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന ഈ അവസരം മുതലെടുക്കാനാണ് ചൈന ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പല കമ്പനികളുടെയും ഓഹരികൾക്ക് ഇടിവ് സംഭവിക്കുമ്പോൾ അത്തരം കമ്പനികളെല്ലാം പിടിച്ചടക്കി സ്വന്തം പള്ള വീർപ്പിക്കുന്ന കുതന്ത്രമാണ് ചൈന ഇപ്പോൾ പയറ്റുന്നത്. ചൈനീസ് നേരിട്ടുള്ള നിക്ഷേപത്തിന് തടയിടുന്നത് വഴിയും, വിദേശ നിക്ഷേപത്തിന് കേന്ദ്ര സർക്കാർ അനുമതി നിർബന്ധമാക്കിയത് വഴിയും രാജ്യത്തിന്റെ വിദേശ നയത്തിൽ വൻ പൊളിച്ചെഴുത്താണ് ഇന്ത്യ നടത്തിയിരിക്കുന്നത്