കുട്ടികളിലെ ചെറിയ ശാഠ്യങ്ങൾ സ്വാഭാവികമാണ്. എന്നാൽ അസ്വാഭാവികത തിരിച്ചറിഞ്ഞില്ലെങ്കിൽ അത് കുട്ടിയുടെ ഭാവിയെ ദോഷകരമായി ബാധിക്കും. ശാരീരിക, മാനസിക, വൈകാരിക- ബുദ്ധി വികസന പ്രശ്നങ്ങൾ കാരണം കുട്ടി അമിതമായി ശാഠ്യം പിടിയ്ക്കും. ഓട്ടിസം, അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, പെരുമാറ്റ വൈകല്യം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളുള്ള കുട്ടികൾ അമിതശാഠ്യം പ്രകടിപ്പിക്കും.ശ്വാസം പിടിച്ച് കരയുക, 15 മിനിട്ടിലേറെ കരച്ചിൽ നീണ്ടു നിൽക്കുക, വസ്തുക്കൾ എറിയുക, നശിപ്പിക്കുക, അകാരണമായുള്ള കരച്ചിൽ, ആവശ്യം സാധിക്കാതിരുന്നാൽ അതികഠിനമായി വാശി പിടിക്കുക, വിറളി പിടിച്ചതു പോലുള്ള പെരുമാറ്റാം, നിസാര കാര്യങ്ങൾക്കുള്ള അസഹിഷ്ണുത, അതികഠിനമായ ദേഷ്യം, പൊട്ടിത്തെറിക്കുന്ന തരത്തിലുള്ള പെരുമാറ്റം, ആർക്കും ശാന്തമാക്കാൻ കഴിയാത്ത അവസ്ഥ ഇവയൊക്കെ ആഴ്ചയിൽ നാല് ദിവസമെങ്കിലും പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ വിദഗ്ധരുടെ നിർദ്ദേശം തേടുക. ശാഠ്യത്തിനൊപ്പം ഏതെങ്കിലും പ്രതലത്തിൽ തലമുട്ടിക്കുക, സ്വയം മുറിവേല്പിക്കുക, മറ്റുള്ളവരെ ഉപദ്രവിക്കുക എന്നിവയും അസ്വാഭാവികതയാണ് എന്ന കാര്യവും ഓർക്കുക.