ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിയുടെ കുടുംബാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. രാഷ്‌ട്രപതി ഭവനിലെ ജീവനക്കാരിയുടെ കൂടെ താമസിക്കുന്ന ബന്ധുവായ യുവതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ശുചീകരണ തൊഴിലാളിയുടെ മറ്റൊരു ബന്ധു കൊവിഡ് ബാധിച്ച് നേരത്തെ മരണപ്പെട്ടിരുന്നു. കുടുംബാംഗങ്ങളെല്ലാം അവരുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മുഴുവൻ കുടുംബത്തെയും സർക്കാർ നിരീക്ഷണത്തിലാക്കുകയും, മുഴുവൻ പേർക്കും പരിശോധന ഫലം നെഗറ്റീവ് ആകുകയും ചെയ്തിരുന്നു. എന്നാൽ തിങ്കാളാഴ്ച വന്ന പരിശോധന ഫലത്തിലാണ് ശുചീകരണ തൊഴിലാളിയുടെ കുടുംബാംഗത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് രാഷ്ട്രപതി ഭവനിലെ 125 ഓളം ജീവനക്കാരെ നിരീക്ഷണത്തിലാക്കി.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,656 ആയി. ഇന്നലെ മാത്രം 1,267 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. . 559 പേർ മരിച്ചു. 2,842 പേർക്ക് രോഗം മാറി. ഡൽഹിയിലും മദ്ധ്യപ്രദേശിലും എഴുപതിലധികം പേർക്കാണ് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ 466 പേർക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഒൻപത് പേർ മരിച്ചു. ഗുജറാത്തിൽ 196 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനിൽ 98 പേർക്കും ഉത്തർപ്രദേശിൽ 95 പേർക്കും രോഗം സ്ഥിരീകരിച്ചു.