thablighi

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം ഇത്രത്തോളം കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഡൽഹിയിൽ നടന്ന തബ്ലീഗ് സമ്മേളനമാണെന്ന് ആരോപണമുയർന്നിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത കേരളത്തിൽ നിന്നുൾപ്പെടെയുള്ള നിരവധിയാളുകൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാദങ്ങൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് തബ്ലീഗ് ജമാഅത്ത് മോധാവി മൗലാനാ സാദ്.

കുറച്ച് പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് കരുതി രാജ്യത്തെ കൊവിഡ് കേസുകളുടെ ഉത്തരവാദിത്തം തങ്ങൾക്കാണോയെന്ന് അദ്ദേഹം ചോദിക്കുന്നു. അഭിഭാഷകൻ മുഖേന ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മൗലാനാം സാദ്. പൊലീസുമായി സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി.

'സമ്മേളനത്തിൽ പങ്കെടുത്ത കുറച്ച് പേർക്ക് കൊവിഡ് ബാധിച്ചത് നിർഭാഗ്യകരമാണ്, പക്ഷേ ഭൂരിഭാഗം തബ്ലീഗ് അംഗങ്ങൾക്കും രോഗമില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇന്ത്യയിൽ രോഗം പടർത്തിയതിന്റെ ഉത്തരവാദിത്തം ഞങ്ങൾക്കാണോയെന്ന് നിരന്തരം നിങ്ങൾ ചോദിക്കുന്നു. എങ്ങനെയാണ് ഞങ്ങൾ ഉത്തരവാദികളാകുന്നത്. രാജ്യത്ത് ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത് എപ്പോഴാണ്? ഫെബ്രുവരി അവസാനത്തിലും മാർച്ചിലുമായി എത്രയോ സ്ഥലങ്ങളിൽ ആളുകൾ ഒത്തുകൂടി. അവർക്ക് ഉത്തരവാദിത്തമില്ലേ?

കൊവിഡിന്റെ പശ്ചാത്തലത്തിൽ എന്തുകൊണ്ട് പരിപാടി മാറ്റിവല്ലിച്ചെന്ന ചോദ്യത്തിന് മൗലാന സാദ് നൽകിയ മറുപടി ഇങ്ങനെ ' മുൻകൂട്ടി ആസൂത്രണം ചെയ്ത പരിപാടി ആയിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ദൂര സ്ഥലങ്ങളിൽ നിന്ന് എത്തിത്തുടങ്ങി. ജനതാ കർഫ്യൂ പ്രഖ്യാപിച്ചതിന് പിന്നാലെ ഞങ്ങൾ പരിപാടികൾ അവസാനിപ്പിക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.'

ഡോക്ടർമാരുടെ ഉപദേശപ്രകാരം, താനിപ്പോൾ നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന റിപ്പോർട്ട് മൗലാന സാദ് നിഷേധിച്ചു. ' ഇത് പൂർണ്ണമായും തെറ്റാണ്. അധികാരികളുമായി എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട്. ഞങ്ങളുടെ നൂറുവർഷത്തെ ചരിത്രമാണത്'- അദ്ദേഹം പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനത്തിന് ഇ.ഡി തനിക്കെതിരെ കേസെടുത്തതിനെക്കുറിച്ച് മൗലാനാ സൗദിന്റെ പ്രതികരണം ഇങ്ങനെ 'ഇത് പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. ഇതുവരെ നിയമവിരുദ്ധമായ ഒരു പ്രവർത്തനവും നടന്നിട്ടില്ല എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഇക്കാര്യത്തിൽ ഞങ്ങൾക്ക് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. അത്തരം ആരോപണങ്ങൾക്ക് തൃപ്തികരമായ ഒരു വിശദീകരണം നൽകാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ അതിനായി ആരോപണം എന്താണെന്നതിനെക്കുറിച്ച് ഞാൻ ആദ്യം അറിഞ്ഞിരിക്കണം' അദ്ദേഹം പറഞ്ഞു.