ന്യൂഡൽഹി: ഫുഡ് കോർപ്പറേഷനിൽ മിച്ചമുള്ള അരിയുപയോഗിച്ച് ഹാൻഡ് സാനിറ്റൈസർ ഉണ്ടാക്കാനാവശ്യമായ എഥനോൾ നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. പെട്രോളിയം,പാചക വാതക വകുപ്പ് മന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഹാൻഡ് സാനിറ്റൈസറുകളുടെ ഉപയോഗം വർദ്ധിച്ചിട്ടുണ്ട്.
'പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന്റെ അദ്ധ്യക്ഷതയിൽ നാഷണൽ ബയോ ഫ്യൂവൽ കോർഡിനേഷൻ കമ്മിറ്റിയുടെ ഒരു യോഗം ഇന്ന് നടന്നു. ഫുഡ് കോർപറേഷനിലെ മിച്ച അരി എഥനോൾ ആക്കി മാറ്റാൻ അംഗീകാരം നൽകി. മിച്ചമുള്ള ഭക്ഷ്യധാന്യങ്ങൾ എഥനോൾ ആക്കി മാറ്റാൻ 2018 ലെ ദേശീയ ബയോഫ്യുവൽ നയം അനുവദിക്കുന്നുവെന്നുണ്ട്.'പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം 58.59 മില്ല്യൺ ഭക്ഷ്യധാന്യം ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ കൈവശമുണ്ട്. ജനങ്ങൾക്കുള്ള കരുതൽ ശേഖരം കഴിഞ്ഞും ഇതിൽ മിച്ചം വരുമെന്നാണ് സൂചന. നിലവിൽ സബ്സിഡി നിരക്കിൽ ഇന്ത്യയിലെ 80 കോടിയിലധികം ജനങ്ങൾക്ക് എല്ലാ മാസവും അഞ്ച് കിലോ ഭക്ഷ്യധാന്യം വീതം വിതരണം ചെയ്യുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ വരുന്ന മൂന്ന് മാസത്തേക്ക് ജനങ്ങൾക്ക് ഭക്ഷ്യധാന്യം സൗജന്യമായി വിതരണം ചെയ്യാനും കേന്ദ്ര സർക്കാർ തിരുമാനിച്ചിട്ടുണ്ട്.