ബീജിംഗ്: കൊവിഡ് 19 വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് അന്വേഷിക്കാനായി വുഹാനിലേക്ക് വിദഗ്ദ്ധ സംഘത്തെ അയക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ ചെെന. വുഹാൻ കൊവിഡിന്റെ ഇരയായതാണെന്നും ഒരു കുറ്റവാളി അല്ലെന്നും ചെെന വ്യക്തമാക്കി. അതേസമയം, ഇക്കഴിഞ്ഞ ഡിസംബർ അവസാനത്തിൽ ചെെനയിലെ ഹുബെ പ്രവിശ്യയിൽ എങ്ങനെയാണ് കൊവിഡ് പടർന്നതെന്ന് അറിയണമെന്നും ട്രംപ് പ്രതികരിച്ചു.
വിദഗ്ദ്ധ സംഘത്തെ അയയ്ക്കുന്ന കാര്യം വളരെ നേരത്തേ ചൈനയുമായി ചർച്ച ചെയ്തിരുന്നുവെന്നും അവർ അനുമതി നൽകിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. സുതാര്യതയില്ലാതെയാണ് ചൈന ഇതു കൈകാര്യം ചെയ്തത്. ഞങ്ങളുടെ സംഘം അവിടേക്ക് പോയി അന്വേഷിച്ചാൽ കൃത്യമായി കാര്യങ്ങൾ മനസിലാക്കാമെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാൻ സാധിക്കുമെന്നും ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു. വെെറസ് വുഹാൻ വെെറോളജി ഇൻസ്റ്റ്യൂട്ടിൽ നിന്നും പുറത്തുചാടിയതാണോയെന്ന് അന്വേഷിക്കുന്നതായും യു.എസ് പ്രസിഡന്റ് പ്രതികരിച്ചു.
എന്നാൽ, വെെറസ് എല്ലാ മനുഷ്യരുടെയും പൊതു ശത്രുവാണെന്ന് ട്രംപിന്റെ അഭിപ്രായത്തോട് പ്രതികരിതക്കവെ ചെെനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെംഗ് ഷുവാംഗ് വ്യക്തമാക്കി. മറ്റേതു രാജ്യത്തേയും പോലെ വൈറസ് ചൈനയേയും ആക്രമിച്ചു. ചൈന ഇരയാണ്, കുറ്റവാളിയല്ല. വൈറസിന്റെ പങ്കാളിയല്ല ചൈനയെന്നും ജെംഗ് ഷുവാംഗ് പറഞ്ഞു.
അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41000 കവിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് അമേരിക്കയിലാണ്. ഈ സാഹചര്യത്തിൽ വുഹാനിൽ പുറപ്പെട്ട വെെറസിനെ കുറിച്ച് ട്രംപ് അടക്കം അമേരിക്കയിലെ നിരവധിപേർ ചെെനയ്ക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. ചെെന മരണസംഖ്യ കൃത്യമായി പുറത്തുവിട്ടില്ലെന്നും ആരോപണമുയർന്നിരുന്നു.
അതേസമയം, വെെറസ് പൊട്ടിപ്പുറപ്പെട്ടതു മുതൽ ചെെന അതു തടയാന്‍ വളരെ ഗൗരവത്തോടെയും സുതാര്യതയോടെയുമാണ് നടപടികള്‍ സ്വീകരിച്ചതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. രാജ്യാന്തര സമൂഹത്തിനു തന്നെ ചൈനയുടെ നടപടികള്‍ മാതൃകയാണ്. ലോകത്തുണ്ടായ മരണങ്ങളുടെ പേരില്‍ ചൈനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന അമേരിക്കയുടെ വാദത്തോട് ചെെനീസ് മന്ത്രാലയം പ്രതികരിച്ചു.
എച്ച്1എന്‍1 ഇന്‍ഫ്ലുവന്‍സ 2009-ല്‍ യു.എസിലാണ് കണ്ടെത്തിയത്. അതുപോലെ എച്ച്.ഐവി. 2008-ല്‍ അമേരിക്കയിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ആഗോളമാന്ദ്യമായി മാറിയത്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം അമേരിക്കയ്ക്കാണെന്ന് ആരെങ്കിലും പറഞ്ഞോ? അദ്ദേഹം ചോദിച്ചു. ചെെനയെ കുറിച്ചുള്ള പരാമർശം തികച്ചും അടിസ്ഥാന രഹിതമാണ്. വെെറസിന്റെ ഉത്ഭവം ഗുരുതരമായ ഒരു ശാസ്ത്രീയ വശമാണ്.
ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ ആവശ്യമാണ്. ആസ്ട്രേലിയ ഈ കാര്യം സൂക്ഷ്മതയോടുകൂടിയും വസ്തുനിഷ്ഠമായും പരിശോധിക്കുെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ചികിത്സയുമായി ബന്ധപ്പെട്ടുള്ള പി.പി.ഇ കിറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ചൈന പൂഴ്ത്തിവെയ്ക്കുന്നതായുള്ള അമേരിക്കയുടെ ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് ഒന്നു മുതൽ ഏപ്രിൽ 17 വരെ ചെെന 1.64 ബില്യൺ മാസ്ക്കുകളും 29.19 മില്യൺ സർജിക്കൽ പ്രൊട്ടക്ടീവ് സ്യൂട്ടുകളും 156 ഇന്‍വാസീവ് വെന്റിലേറ്ററുകളും 4254 നോണ്‍ ഇന്‍വാസീവ് വെന്റിലേറ്ററുകളും ചൈന നല്‍കിയെന്ന് ജെംഗ് ഷുവാംഗ് വ്യക്തമാക്കി.