kaumudy-news-headlines

1. കൊവിഡ് നിര്‍ണയ പരിശോധന വേഗത്തില്‍ ആക്കാനും വ്യാപകം ആക്കാനുമായി ഐ.സി.എം.ആര്‍ 12,000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കേരളത്തിനായി അനുവദിച്ചു. ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാരം പരിശോധന ഇതിനോടകം ആരംഭിച്ചു. ഇതു പൂര്‍ത്തിയായാല്‍ ഉടന്‍ ഇവ ജില്ലകള്‍ക്ക് വിതരണം ചെയ്യും. കൊവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം കൂടുന്നു. ലണ്ടനില്‍ വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സ്വദേശി ആണ് മരിച്ചത്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം. തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് അതീവ ജാഗ്രത പുലര്‍ത്തണം എന്ന മുന്നറിയിപ്പാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നത്. വയനാട് മേപ്പാടിയില്‍ ലോക്ക് ഡൗണിനിടെ നായാട്ട്. രണ്ടുപേര്‍ പിടിയിലായി. മറ്റ് നാല് പേര്‍ക്കായി വനം വകുപ്പ് തിരച്ചില്‍ തുടരുകയാണ്.


2. അതേസമയം, സംസ്ഥാനത്ത് ആറ് പുതിയ ബാറുകള്‍ക്ക് അനുമതി. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആയാണ് ബാറുകള്‍ക്ക് അനുമതി നല്‍കിയത്. ലൈസന്‍സ് ഫീസ് അടച്ചത് ഏപ്രില്‍ മാസത്തില്‍ ആണെന്ന് എക്‌സൈസ് വകുപ്പ്. മാര്‍ച്ച് 10ന് ശേഷം ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടില്ല എന്ന് വിശദീകരണം. നേരത്തെ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് അനുമതി നല്‍കിയിട്ട് ഉള്ളത് എന്നും കൊവിഡ് കാലത്ത് ബാര്‍ ലൈസന്‍സ് അപേക്ഷകള്‍ ഒന്നും പരിഗണിച്ചിട്ടില്ല എന്നും എക്‌സൈസ് വകുപ്പ്. പുതുതായി അനുവദിച്ച ബാറുകള്‍ ലോക്ക് ഡൗണ്‍ വിലക്കിന് ശേഷം തുറന്ന് പ്രവര്‍ത്തിക്കും. പാലക്കാട് നഗരത്തെ ഹോട്ട്സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി. തൃശ്ശൂരിലെ മൂന്ന് പഞ്ചായത്തുകളെയും ഹോട്ട്സ്‌പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി. മതിലകം ,വള്ളത്തോള്‍ നഗര്‍, ചാലക്കുടി എന്നീ പഞ്ചായത്തുകളെ ആണ് ഒഴിവാക്കിയത്.
3 ഡല്‍ഹിയില്‍ മൂന്ന് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നബി കരിം മേഖലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. ഡല്‍ഹിയിലെ 84 കണ്ടെന്‍മെന്റ് മേഖലകളില്‍ ഒന്നാണ് നബി കരിം. ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 19 പേര്‍ അറസ്റ്റില്‍. അറസ്റ്റില്‍ ആയവരില്‍ 16 പേര്‍ വിദേശികള്‍. വരാണസിയില്‍ നിന്ന് തമിഴ്നാട്ടില്‍ മടങ്ങി എത്തിയവരില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്. 127 അംഗ സംഘത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ആണ് ഇവര്‍ യുപിയില്‍ നിന്ന് ബസ്സില്‍ തമിഴ്നാട്ടില്‍ മടങ്ങി എത്തിയത്.
4 അതേസമയം, രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിയുടെ കുടുംബാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. രാഷ്ട്രപതി ഭവനിലെ ജീവനക്കാരിയുടെ കൂടെ താമസിക്കുന്ന ബന്ധുവായ യുവതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശുചീകരണ തൊഴിലാളിയുടെ മറ്റൊരു ബന്ധു കൊവിഡ് ബാധിച്ച് നേരത്തെ മരണപ്പെട്ടിരുന്നു. കുടുംബാംഗങ്ങള്‍ എല്ലാം അവരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മുഴുവന്‍ കുടുംബത്തെയും സര്‍ക്കാര്‍ നിരീക്ഷണത്തില്‍ ആക്കി. മുഴുവന്‍ പേര്‍ക്കും പരിശോധന ഫലം നെഗറ്റീവ് ആകുകയും ചെയ്തിരുന്നു. എന്നാല്‍ തിങ്കാളാഴ്ച വന്ന പരിശോധന ഫലത്തിലാണ് ശുചീകരണ തൊഴിലാളിയുടെ കുടുംബാംഗത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് രാഷ്ട്രപതി ഭവനിലെ 125 ഓളം ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കി.
5 ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍ എന്ന് റിപ്പോര്‍ട്ട്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുക ആണെന്ന് യു.എസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ് മാദ്ധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഹൃദയ സംബന്ധമായ രോഗത്തിന് കിം ചികിത്സയില്‍ ആയിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരകൊറിയന്‍ വാര്‍ഷിക ആഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം ഏറെ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരുന്നു.
6 ഉത്തരകൊറിയയുടെ സ്ഥാപകന്‍, കിമ്മിന്റെ മുത്തച്ഛന്റെ ജന്മദിനമാണ് വാര്‍ഷികമായി ആചരിക്കുക. എന്നാല്‍, ഇത്തവണത്തെ ചടങ്ങുകള്‍ക്ക് കിം പങ്കെടുത്തിരുന്നില്ല. ഏപ്രില്‍ 11ന് വര്‍ക്കേഴ്സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിമ്മിനെ ശസ്ത്രക്രിയക്ക് വിധേയന്‍ ആക്കിയത്. അമിതമായ പുകവലിയും മാനസിക സമ്മര്‍ദ്ദവുമാണ് രോഗം മൂര്‍ച്ഛിക്കാന്‍ കാരണമെന്നും മൗണ്ട് പിക്ടുവിലേക്ക് ഉള്ള നിരന്തര യാത്രകളും കിമ്മിന് തിരിച്ചടി ആയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വാര്‍ത്തകളോട് ഉത്തര കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
7 ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 18, 601 ആയി. ഇതുവരെ 590 പേരാണ് കൊവിഡ് രോഗം ബാധിച്ച് മരിച്ചത്. 3,252 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 18 സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപന തോത് കുറഞ്ഞതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ 4,666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.