crude

കൊച്ചി: ക്രൂഡോയിൽ വില പൂജ്യത്തിന് താഴെയെത്തിയെങ്കിലും അതിന്റെ നേട്ടം ഇന്ത്യയ്ക്ക് കിട്ടില്ല. കാരണം, അമേരിക്ക വാങ്ങുന്ന വെസ്‌റ്ര് ടെക്‌സാസ് ഇന്റർമീഡിയറ്റ് (ഡബ്ള്യു.ടി.ഐ) ക്രൂഡിന്റെ വിലയാണ് ഇടിഞ്ഞത്. ഇന്ത്യ വാങ്ങുന്നത് ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ബ്രെന്റ് ക്രൂഡാണ്.

ബാരലിന് 21.48 ഡോളറാണ് ഇന്നലെ ബ്രെന്റ് ക്രൂഡ് വില. 20 വർഷത്തെ താഴ്‌ന്ന വിലയാണിത്. 2019 എപ്രിലിൽ ഇന്ത്യ വാങ്ങിയത് ബാരലിന് 71 ഡോളർ നിരക്കിലാണ്. ഈമാസം 15ന് ഇത് 19.32 ഡോളറിലെത്തിയ നേട്ടം ഇന്ത്യയ്ക്കുണ്ട്. എങ്കിലും, കഴിഞ്ഞ ഒരുമാസത്തോളമായി ബ്രെന്റ് വില രാജ്യാന്തര വിപണിയിൽ 25-35 ഡോളർ നിരക്കിൽ തന്നെ തുടരുകയാണ്. ഇതാണ്, ഇന്ത്യയിൽ റീട്ടെയിൽ ഇന്ധനവില മാറാതിരിക്കാൻ മുഖ്യ കാരണം. രൂപയുടെ മൂല്യം ഡോളറിനെതിരെ റെക്കാഡ് താഴ്‌ചയിലാണെന്നതും തിരിച്ചടിയാണ്.

ഉപഭോക്താക്കൾക്ക്

നേട്ടമില്ല

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയുടെ പകുതിയിലേറെയും നികുതിയാണ്. പെട്രോളിന് 22.98 രൂപയും ഡീസലിന് 18.83 രൂപയുമാണ് എക്‌സൈസ് നികുതി. പുറമേ സംസ്ഥാന വില്പന നികുതി, സെസ്, അടിസ്ഥാന ഇന്ധനവില, ഡീലർ കമ്മിഷൻ, ചരക്കുകൂലി എന്നിവ കൂടി ചേരുന്നതാണ് റീട്ടെയിൽ വില. ലോക്ക്ഡൗൺ ആയതിനാൽ ഒന്നരമാസമായി ഇന്ത്യയിൽ വില മാറിയിട്ടില്ല. പെട്രോളിന് 72.99, ഡീസലിന് 67.19.

ബ്രെന്റും അമേരിക്കൻ ക്രൂഡും

അമേരിക്കയിലെ ടെക്സാസ്, ലൂസിയാന, നോർത്ത് ഡകോട്ട എന്നിവിടങ്ങളിലാണ് ഡബ്ള്യു.ടി.ഐ ക്രൂഡോയിൽ കുഴിച്ചെടുക്കുന്നത്. ഇത് അമേരിക്ക തന്നെയാണ് ഉപയോഗിക്കുന്നത്. യൂറോപ്പ്, ആഫ്രിക്ക, ഗൾഫ് എന്നിവിടങ്ങളിൽ ഉത്‌പാദിപ്പിക്കുന്നതാണ് ബ്രെന്റ്. യു.എസ് ക്രൂഡിൽ സൾഫറിന്റെ അംശം 0.24 ശതമാനമാണ്. ഇതാണ് മികച്ചതും. ബ്രെന്റിൽ സൾഫർ 0.37 ശതമാനമുണ്ട്. ലോകത്തിന്റെ ഏത് ഭാഗത്തും ബ്രെന്റ് ലഭിക്കും. ചരക്കുനീക്കചെലവും കുറവാണ്.

അധിക എണ്ണ സൂക്ഷിക്കാൻ

വാടക കപ്പലുകൾ

 വാടക പ്രതിദിനം 27 കോടി രൂപ

ഒട്ടുമിക്ക രാജ്യങ്ങളിലെയും എണ്ണ സംഭരണികൾ നിറഞ്ഞതിനാൽ, അധികമായി ഉത്‌പാദിപ്പിക്കുന്ന ക്രൂഡോയിൽ സൂക്ഷിക്കാൻ എണ്ണക്കമ്പനികൾ ഇപ്പോൾ എണ്ണക്കപ്പലുകൾ വാടകയ്ക്ക് എടുക്കുകയാണ്. നിലവിൽ 160 മില്യൺ ബാരൽ ക്രൂഡോയിൽ ഇത്തരത്തിൽ കടലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു കപ്പലിൽ ശരാശരി രണ്ടു മില്യൺ ബാരൽ വച്ച് 80ഓളം കപ്പലുകൾ ഇത്തരത്തിൽ 'ചാർട്ടർ" ചെയ്‌തിട്ടുണ്ടെന്നാണ് വിവരം.

കപ്പലുകളുടെ പ്രതിദിന വാടക ഒരുമാസത്തിനിടെ ഇരട്ടിച്ച് 3.50 ലക്ഷം ഡോളറായി. ഏകദേശം 27 കോടി രൂപ. വരും മാസങ്ങളിൽ ചാർട്ടേഡ് കപ്പലുകളുടെ എണ്ണം 200 കടക്കുമെന്നാണ് സൂചന. ഫെബ്രുവരിയിൽ ഉപയോഗിച്ചിരുന്നത് പത്തെണ്ണം മാത്രമായിരുന്നു.

ഉത്‌പാദക രാജ്യങ്ങളുടെ സ്ഥിതി

 സൗദിയുടെ മൊത്തം ബഡ്‌ജറ്റ് വരുമാനത്തിന്റെ 87 ശതമാനവും ക്രൂഡോയിലാണ്. റഷ്യയുടേത് 68 ശതമാനം. മൊത്തം ഉത്‌പാദനത്തിന്റെ 90 ശതമാനവും സൗദി കയറ്റുമതി ചെയ്യുന്നു. റഷ്യ 59 ശതമാനം.

 ക്രൂഡോയിൽ വില ബാരലിന് മിനിമം 80 ഡോളർ ഉണ്ടെങ്കിലേ സൗദിക്ക് ബഡ്‌ജറ്ര് ചെലവ് കണ്ടെത്താനാകൂ; റഷ്യയ്ക്ക് വേണ്ടത് ബാരലിന് 60 ഡോളർ.

 ഇറാനും ഇറാക്കും നൈജീരിയ, ലിബിയ തുടങ്ങിയ മറ്റു പ്രമുഖ ഉത്‌പാദക രാജ്യങ്ങൾക്കും ബാരലിന് 50-60 ഡോളർ‌ വേണം.

 സൗദിയടക്കം ഗൾഫിലെ എണ്ണ രാജ്യങ്ങൾക്ക് മികച്ച വിദേശ നാണയ കരുതൽ ശേഖരം ഉള്ളതിനാൽ എണ്ണവില തകർച്ചയിലും സമ്പദ്‌രംഗം തകരാതെ പിടിച്ചുനിൽക്കാനാകും. ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് അതു പറ്റില്ല.