ബിജാപുർ : ലോക്ക് ഡൗൺ മൂലം വാഹനമില്ലാത്തതിനാൽ കുടുംബത്തിനൊപ്പം തെലുങ്കാനയിൽ നിന്നും ബിജാപുർലേക്ക് കാൽനടയാത്ര ചെയ്ത 12 വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. ജംലോ മക്ക്ദം എന്ന 12 വയസുകാരിയാണ് മരിച്ചത്. തെലങ്കാനയിലെ കന്നെയ്കുട ഗ്രാമത്തിലെ ഒരു മുളക് പാടത്ത് ജോലി ചെയ്തു വരികയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളിൽ പെട്ട കുട്ടിയാണ് ജംലോ മക്ക്ദം. ഈ മാസം 15 ന് രാവിലെയാണ് ഇവർ തെലുങ്കാനയിൽ നിന്നും യാത്ര തിരിച്ചത്. 18 ന് രാവിലെയാണ് കുട്ടി മരണപ്പെടുന്നത്. സ്വന്തം ഗ്രാമത്തിലെത്താൻ 50 കിലോമീറ്റർ മാത്രം ബാക്കിയുളളപ്പോഴാണ് കുട്ടി മരണപ്പെടുന്നത്. നാട്ടിലേക്ക് പോകാൻ വാഹനമില്ലാത്തതാണ് ഇവരെ കിലോമീറ്ററുകളോളം നടക്കാൻ പ്രേരിപ്പിച്ചത്.
അതേസമയം കുട്ടിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നും, ശരീരത്തിൽ ജലത്തിന്റെ അംശം കുറഞ്ഞതാകാം മരണത്തിന് കാരണമെന്നും ബിജാപുർ മെഡിക്കൽ ഓഫീസർ പറഞ്ഞു. സംസ്ഥാന സർക്കാർ കുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം അനുവദിച്ചു.