വാഷിംഗ്‌ടൺ : നിയന്ത്രണങ്ങൾ നീക്കാൻ അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾ വ്യഗ്രത കാട്ടുമ്പോഴും കൊവിഡ് - 19 വ്യാപനത്തിന് തെല്ലും കുറവില്ല. ലോകത്താകെ രോഗബാധിതർ കാൽ കോടി കവിഞ്ഞു. മരണം 1.72ലക്ഷം.
അമേരിക്കയിൽ മരണം 42,000 കടന്നു. രോഗികൾ എട്ടു ലക്ഷത്തോളം.
ന്യൂയോർക്കിൽ രോഗവ്യാപനത്തിന് കുറവുണ്ടെങ്കിലും പുതിയ ഹോട്ട് സ്‌പോട്ടായ മസാച്ചുസെറ്റ്സിൽ ഒരാഴ്ച കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി. 1700 മരണം. സംസ്ഥാനത്ത് വൈറസ് വ്യാപനം തടയാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ന്യൂയോർക്കിൽ രോഗവ്യാപനത്തിന് ശമനമുണ്ടെങ്കിലും നിയന്ത്രണങ്ങൾ നീക്കാൻ സമയമായിട്ടില്ലെന്നാണ് ഗവർണർ ആൻഡ്രൂ കൂമോ പറഞ്ഞു
ഇറ്റലിയിൽ രോഗികൾ രണ്ട് ലക്ഷം കവിഞ്ഞു. ആകെ മരണം 24,114. സ്‌പെയിനിൽ ഇന്നലെ 430 പേർ മരിച്ചതോടെ ആകെ മരണം 21,282. ബ്രിട്ടനിൽ 16,509 പേരും ജർമ്മനിയിൽ 4862 പേരും ഫ്രാൻസിൽ 20265 പേരും ഇറാനിൽ 5209 പേരും ബെൽജിയത്തിൽ 5998 പേരും നെതർലാൻഡ്സിൽ 3751 പേരും മരിച്ചു.
ബ്രിട്ടനിൽ കൊവിഡ് പ്രതിരോധത്തിന് അഭിവാദ്യമർപ്പിക്കാൻ എല്ലാ വ്യാഴാഴ്ചയും രാതി എട്ടിന് വീടിന്റെ ജനലിലും ബാൽക്കണിയിലും നിന്ന് കൈയടിക്കാൻ സർക്കാർ നിർദ്ദേശം.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ രോഗികൾ 75,000 കവിഞ്ഞു. ഏറ്റവുമധികം പേർ ബ്രസീലിൽ. മരണം 2588. രാജ്യത്ത് ലോക്ക്ഡൗൺ ഈ ആഴ്ചയും തുടരുമെ് പ്രസിഡന്റ് ജയിർ ബൊൾസൊനാരോ.
ഏതൻസിൽ 470 കുടിയേറ്റക്കാരെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലിൽ വൈറസ് വ്യാപനം.
ഇറാനിൽ ആയിരം വിദേശ തടവുകാരെ താത്ക്കാലികമായി മോചിപ്പിച്ചു.
അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയുടേയും ഭാര്യയുടേയും കൊവിഡ് ഫലം നെഗറ്റീവ്.
ഡെൻമാർക്കിൽ സെപ്‌റ്റംബർ ഒന്ന് വരെ പൊതു കൂട്ടായ്‌മകൾക്ക് വിലക്ക്.
ചൈനയിൽ 11 പുതിയ രോഗികൾ കൂടി. ആകെ മരണം 4632.