kim-jong-un

 നിഷേധിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് അതീവ ഗുരുതരവസ്ഥയിലാണെന്ന് റിപ്പോർട്ട്. ഏപ്രിൽ 12ന് നടന്ന ശസ്ത്രക്രിയക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമാണെന്നും മസ്‌തിഷ്ക മരണം സംഭവിച്ചെന്നും യു.എസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് അമേരിക്കൻ മാദ്ധ്യമങ്ങളും കിം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണെന്ന് ദക്ഷിണ കൊറിയൻ പ്രദേശിക പത്രവും റിപ്പോർട്ട് ചെയ്തു.

എന്നാൽ ഇത് നിഷേധിച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ പ്രസ്‍താവന ഇറക്കി. രണ്ട് കൊറിയകളും തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യുന്ന യൂണിഫിക്കേഷൻ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും പ്രതികരിച്ചിട്ടില്ല. ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ്പും ഈ വാർത്ത നിഷേധിച്ചു. ഉത്തര കൊറിയ വാർത്തയോട് പ്രതികരിച്ചിട്ടില്ല.

അമിതവണ്ണവും തുടർച്ചയായ പുകവലിയും അധികജോലിയും കിമ്മിന്റെ ആരോഗ്യനില വഷളാക്കിയിരുന്നു എന്നും ഹൃദയസംബന്ധിയായ പ്രശ്‌നത്തെ തുടർന്ന് ചികിത്സ തേടിയിരുന്നതായും ദക്ഷിണ കൊറിയൻ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്‌തിരുന്നു.

കിം എവിടെ?

ഏപ്രിൽ 11 ന് ശേഷം കിമ്മിനെ പൊതുവേദികളിൽ കണ്ടിട്ടില്ല. ഏപ്രിൽ 15 ന് ഉത്തര കൊറിയയുടെ സ്ഥാപക പിതാവും കിമ്മിന്റെ മുത്തച്ഛനുമായ കിം ഇൽ സൂംഗിന്റെ ജന്മവാർഷിക ദിനാഘോഷങ്ങളിൽ നിന്ന് ആദ്യമായി കിം വിട്ടുനിന്നു. ഇതോടെയാണ് കിം രോഗക്കിടക്കയിലാണെന്ന അഭ്യൂഹങ്ങൾ പരന്നത്. അതിനിടയിലും ഉത്തര കൊറിയയിൽ മിസൈൽ പരീക്ഷണങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.