ss
തിരു​വ​ന്ത​പു​രത്ത് തെരു​വിൽ കഴിയുന്നവർക്ക് പൊലീസിന്റെ ആഭി​മു​ഖ്യ​ത്തിൽ തയ്യാ​റാ​ക്കിയ ഭക്ഷ​ണ​പ്പൊ​തി​കൾ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ​യുടെ നേതൃ​ത്വ​ത്തിൽ വിത​രണം ചെയ്യു​ന്നു.

തിരുവനന്തപുരം: ലോക്ഡൗണിൽ തെരുവിൽ കഴിയുന്നവർക്ക് സൗജ​ന്യഭക്ഷണം എത്തിക്കാനായി കേരള പൊലീസ് നടപ്പാക്കിയ ഒരു വയറൂട്ടാം പദ്ധതിയിലൂടെ 2,18,540 ഭക്ഷണപ്പൊതികൾ സംസ്ഥാനത്ത് വിതരണം ചെയ്തു. 6,648 പേർക്ക് പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കുമായി ഉച്ചയ്ക്കും രാത്രിയും 375 വീതം ഭക്ഷണപ്പൊതികളും വിതരണം ചെയ്തു. കൂടാതെ നഗരത്തിലെ ഏകദേശം 125 കിടപ്പുരോഗികൾക്കും ഫൈൻ ആർട്സ് കോളേജിൽ കുടുങ്ങിയ 11 വിദ്യാർത്ഥികൾക്കും ആരോഗ്യപ്രവർത്തകർക്കായി സ്‌പെഷ്യൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും ആഹാരം നൽകുന്നുണ്ട്. 14 ജില്ലാ ആസ്ഥാനങ്ങൾ കൂടാതെ പുത്തൂർമഠം, കുറ്റിപ്പുറം, അട്ടപ്പാടി, തിരൂർ, വളാഞ്ചേരി എന്നിവിടങ്ങളിലും ഭക്ഷണം നൽകുന്നു. ഐ. ജി പി. വിജയൻ, ഡി.ജി.പി യുടെ പത്നി മധുമിത ബഹ്റ, ​എ.ഡി.ജി.പി മനോജ് എബ്രഹാം സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അസിസ്റ്റൻറ് സ്‌റ്റേറ്റ് നോഡൽ ഓഫീസർ ആർ.അജിത് കുമാർ, പൊലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ട് സുരേഷ് കൃഷ്ണ, നന്മ ഫൗണ്ടേഷേൻ ചീഫ് കോ-ഓർഡിനേറ്റർ വി.എം.രാകേഷ്, ലൂർദ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോണി, അജ്‌വ കാറ്ററിംഗ് ഉടമ മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.