നാഗ്പൂർ : കൊവിഡ് കാരണം ക്രിക്കറ്റ് കളി മാത്രമല്ല കല്യാണവും നടക്കാതെവന്നാൽ എന്തുചെയ്യും? ഒന്നും രണ്ടുമല്ല, വിദർഭ രഞ്ജിട്രോഫി ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാർക്കാണ് കൊവിഡ് മൂലം കല്ല്യാണം മാറ്റിവയ്ക്കേണ്ടിവന്നിരിക്കുന്നത്.

ആൾറൗണ്ടർ ആദിത്യ സർവാതെ, വിക്കറ്റ് കീപ്പർ അക്ഷയ് വാദ്കർ,പേസ് ബൗളർ രജ്നീഷ് ഗുർബാനി എന്നിവരുടെ കല്ല്യാണങ്ങളാണ് കൊവിഡ് കാരണം മാറ്റിവച്ചത്. ആദിത്യയുടെ കല്യാണം ഇൗ മാസം 27നാണ് നിശ്ചയിച്ചിരുന്നത്. അക്ഷയ് മേയ് രണ്ടിനും രജ്നീഷ് മേയ് 18നുമാണ് വിവാഹം നടത്താനിരുന്നത്. ഇപ്പോൾ ഇത് മൂന്നും കൊവിഡ് മാറിയിട്ട് നടത്താനായി മാറ്റിവച്ചിരിക്കുകയാണ്. കൊവിഡ് റെഡ് സോണിലാണ് നാഗ്പൂർ.

കഴിഞ്ഞ വർഷം വിദർഭ രഞ്ജി ട്രോഫി നേടിയപ്പോൾ മുതൽ തങ്ങളുടെ വിവാഹത്തിന് സമയം നോക്കുകയായിരുന്നുവെന്ന് ആദിത്യയുടെ പ്രതിശ്രുതവധു അരുണിത പറയുന്നു. ചെറിയൊരു ചടങ്ങായി വിവാഹം നടത്തിയ ശേഷം അടിപൊളിയൊരു ഹണിമൂൺ ട്രിപ്പായിരുന്നു ആദിത്യയും അരുണിതയും ചേർന്ന് പ്ളാൻ ചെയ്തിരുന്നത്. എന്നാൽ കൊവിഡിന്റെ വരവ് എല്ലാം പൊളിച്ചു.