പാട്ന: ലോക്ക്ഡൗണിനിടെ വിശന്ന് വലഞ്ഞ മനോരോഗിയായ അമ്മയ്ക്കും സഹോദരനും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി മോഷണം നടത്തിയ16കാരനെ ജുവനൈൽ കോടതി 'മനഃസാക്ഷിയുടെ നീതി' വിധിച്ച് വെറുതേ വിട്ടു. ബിഹാറിലെ നളന്ദ ജുവൈനൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേട്ട് മാനവേന്ദ്ര മിശ്രയുടേതാണ് ഉത്തരവ്.
കഴിഞ്ഞ 17ന് മാർക്കറ്റിലെത്തിയ സ്ത്രീയുടെ പഴ്സ് പിടിച്ചുപറിച്ചുവെന്നതാണ് 16കാരന്റെ കുറ്റം. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് കുട്ടിക്കുറ്റവാളിയെ തിരിച്ചറിഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്ത് തെളിവ് സഹിതം മജിസ്ട്രേട്ടിന് മുന്നിലെത്തിച്ചു.
പേടിച്ച് വിറച്ച് നിന്ന പയ്യനോട് ജഡ്ജ് ചോദിച്ചു.
'എന്തിനാണ് നീ മോഷ്ടിച്ചത്.'
'മാനസിക നില തെറ്റിയ അമ്മയ്ക്കും 12 വയസുള്ള ഇളയ സഹോദരനും ഒരു നേരത്തെ ഭക്ഷണം നൽകാൻ.'- വിളറിയ ശബ്ദത്തിൽ അവൻ പറഞ്ഞു.
'അച്ഛൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അമ്മയും അനിയനുമൊത്താണ് താമസം. എന്റെ തോളിലാണ് കുടുംബഭാരം. മാർക്കറ്റിൽ അല്ലറ ചില്ലറ ജോലി ചെയ്ത് കിട്ടുന്ന പണമാണ് ഏക വരുമാനം. ഇതിനിടയിൽ എന്റെ കാലൊടിഞ്ഞു. കൃത്യമായ ചികിത്സ ലഭിക്കാത്തതിനാൽ അത് മുടന്തായി. വലതു കണ്ണിൽ കല്ല് കൊണ്ട് കാഴ്ച നഷ്ടമായി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മാർക്കറ്റിലെ ജോലി നഷ്ടമായി. അമ്മയുമൊത്ത് ഭിക്ഷ തേടിയെങ്കിലും കാര്യമായി ഒന്നും കിട്ടിയില്ല. പട്ടിണി സഹിക്കാതായപ്പോഴാണ് മോഷ്ടിച്ചത്.' - അവന്റെ വാക്കുകൾ കേട്ട് കോടതിയിൽ നിശബ്ദത നിറഞ്ഞു. എല്ലാവരുടെയും കണ്ണു നിറഞ്ഞു. ജഡ്ജിയുടെയും.
ഒടുവിൽ നിശബ്ദതയെ ഭേദിച്ച് ജഡ്ജി വിധി പ്രഖ്യാപിച്ചു.
'ബാലനെ നിരുപാധികം വിട്ടയയ്‌ക്കുന്നു.'
പൊലീസ് വാഹനത്തിൽ അവനെ ഖട്ടോൽന ബിഗാഹ ഗ്രാമത്തിലെ സ്വന്തം വീട്ടിലെത്തിക്കാൻ ജഡ്ജി നിർദ്ദേശിച്ചു. അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും വാങ്ങാൻ അദ്ദേഹം സ്വന്തം കീശയിൽ നിന്ന് പണവും നൽകി.
അവന്റെ കുടുംബം പട്ടിണി കിടക്കാതിരിക്കാൻ നടപടിയെടുക്കാൻ പ്രാദേശിക ഭരണകൂടത്തെ ജഡ്ജി ചുമതലപ്പെടുത്തി. സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽപ്പെടുത്തി വീടു നിർമ്മിച്ചു നൽകാനും നിർദ്ദേശിച്ചു.
'പുല്ലുമേഞ്ഞ ഒറ്റമുറി കൂര. കിടക്കയോ പാത്രങ്ങളോ, സ്റ്റൗവോ, വീട്ടുപകരണങ്ങളോ ഒന്നുമില്ല. ഇവരെങ്ങനെ ജീവിക്കുന്നുവെന്നോർത്ത് ഞങ്ങൾ ആശ്ചര്യപ്പെട്ടുപോയി. ആധാർ കാർഡോ, റേഷൻ കാർഡോ ഒന്നുമില്ല.
-16കാരന്റെ വീട്ടിലെത്തിയ ഇസ്ളാംപൂർ സർക്കിൾ ഇൻസ്പെക്ടർ നളിൻ വിനോദ് പുഷ്പരാജ്