peter-beard

വാഷിംഗ്‌ടൺ: ലോകപ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ചിത്രകാരനും സാഹസികനുമായ പീറ്റർ ഹിൽ ബിയേഡിനെ (82) മരിച്ച നിലയിൽ കണ്ടെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച ന്യൂയോർക്കിലെ മൗണ്ടക്കിനടത്തുള്ള ഒരു കുറ്റിക്കാട്ടിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ഒരു മാസം മുമ്പ് പീറ്ററിനെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. പക്ഷാഘാതം വന്നതിന് ശേഷം പീറ്റർ മറവിരോഗത്തിന് ചികിത്സയിലായിരുന്നു.

ആഫ്രിക്കൻ വന്യജീവി ഫോട്ടോകളിലൂടെയാണ് ബിയേ‌‌‌‌ഡ് പ്രശസ്തനായത്. ഇതിനായി വർഷങ്ങളോളം കെനിയയിൽ കൂടാരം കെട്ടി താമസിച്ചിട്ടുണ്ട് . അദ്ദേഹം സംവിധാനം ചെയ്ത 'ദി എൻഡ് ഒഫ് ദ ഗെയിം' എന്ന ഡോക്യുമെന്ററി ലോക പ്രശസ്തമാണ്. ആഫ്രിക്കയുടെ സൗന്ദര്യവും പ്രകൃതിയും വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ ദുരിതവും ഡോക്യുമെന്റെറിയിലൂടെ പീറ്റർ തുറന്നു കാട്ടി. ലോകപ്രസിദ്ധ വനിതാ മാഗസിനുകളായ വോഗ്, എല്ലി അടക്കം പല പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പത്തോളം ഡോക്യുമെന്ററികളും പുറത്തിറക്കി. മൂന്ന് തവണ വിവാഹിതനായ പീറ്ററുടെ നിലവിലെ ഭാര്യ നെജ്മ ബിയേഡാണ്. ഒരു മകളുണ്ട്.

.