ലണ്ടൻ: ക്രിസ്റ്റ്യാനോ റൊണാൾഡോ പണ്ട് തന്റെയൊപ്പം കളിച്ചിട്ടുള്ള കൂട്ടുകാരനാണെങ്കിലും ലോകത്തെ ഏറ്റവും മികച്ച ഫുട്ബാളറായി താൻ പരിഗണിക്കുന്നത് ലയണൽ മെസിയെ ആണെന്ന് മുൻ ഇംഗ്ളണ്ട് ക്യാപ്ടൻ വെയ്ൻ റൂണി. ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒന്നിച്ച് കളിച്ചവരാണ് റൂണിയും റൊണാൾഡോയും. സൺഡേ ടൈംസ് പത്രത്തിലെ തന്റെ പംക്തിയിലാണ് റൂണി മെസിയോ ക്രിസ്റ്റ്യാനോയോ കേമനെന്ന ചൂടൻ സംവാദത്തിലേക്ക് തന്റെ അഭിപ്രായവുമായി എത്തിയത്.
ക്രിസ്റ്റ്യാനോയ്ക്ക് കരിയറിന്റെ തുടക്കത്തിൽ കൂടുതൽ ഗോളുകൾ സ്കോർ ചെയ്യണമെന്ന ലക്ഷ്യമില്ലായിരുന്നുവെന്നും മികച്ച കളിക്കാരനാകണം എന്ന ലക്ഷ്യത്തോടെ നിരന്തരം പരിശീലനം നടത്തി മുന്നേറുകയായിരുന്നുവെന്നും റൂണി ചൂണ്ടിക്കാട്ടി. അതേസമയം മെസി സ്വതസിദ്ധമായ താളാത്മകതയോടെയാണ് കളിക്കുന്നത്.ഒരിക്കലും ശക്തമായ ഷോട്ടുകളിലൂടെ ഗോളടിക്കാൻ മെസി ഇഷ്ടപ്പെടുന്നില്ല.പന്തിനെ മെസി മെരുക്കിയെടുക്കുന്നത് സുന്ദരമായ കാഴ്ചയാണെന്നും റൂണി എഴുതി.
മിഡ്ഫീൽഡിൽ ചാവി ഹെർണാണ്ടസിന്റെയും പോൾ സ്കോൾസിന്റെയും പന്തടക്കം പോലെ മനോഹരമാണ് മെസിയുടെ ചലനങ്ങളെന്ന് റൂണി വിശേഷിപ്പിക്കുന്നു. ഇക്കാലത്ത് ഫുട്ബാളിനെ മാറ്റിയെഴുതിയവരാണ് മെസിയും ക്രിസ്റ്റ്യാനോയുമെന്നും റൂണി അഭിപ്രായപ്പെട്ടു.
നേരത്തേ പെലെയും കാകയും ഉൾപ്പടെയുള്ളവർ മെസി - ക്രിസ്റ്റ്യാനോ സംവാദത്തിൽ തങ്ങളുടെ അഭിപ്രായവുമായി എത്തിയിരുന്നു. പെലെ ക്രിസ്റ്റ്യാനോയെ പിന്തുണച്ചപ്പോൾ കാക മെസിക്ക് അനുകൂലമായിരുന്നു.
" ബോക്സിനുള്ളിൽ ക്രിസ്റ്റ്യാനോ ഒരു കൊലയാളിയെപ്പോലെയാണ്, ഒറ്റയടിക്ക് എതിരാളികളെ കൊന്നുകളയും. പക്ഷേ മെസി ഇഞ്ചിഞ്ചായേ കൊല്ലുകയുള്ളൂ.കൊല്ലുന്നതിന് മുമ്പ് എതിരാളികളെ വട്ടംചുറ്റിച്ച് കരുത്ത് മുഴുവൻ ചോർത്തിക്കളയും.
റൂണി