
കൊല്ലം: ജയിൽ മോചിതരെ പുനരധിവസിപ്പിക്കാൻ 'തണലിടം' ഒരുങ്ങി. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവനുമായി സഹകരിച്ച് വാളകത്താണ് പുനരധിവാസകേന്ദ്രം തുറന്നത്. ഗാന്ധിഭവൻ മേഴ്സിഹോമിൽ സജ്ജീകരിച്ച തണലിടത്തിലേക്ക് ആദ്യ അംഗമെത്തി. പോക്സോ കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ പുനലൂർ കലയനാട് മനുവിലാസത്തിൽ ദിവാകരനെയാണ്(72) ഇവിടെ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ട് സുനിൽ കുമാറിന്റെയും ജയിൽ ക്ഷേമ ഓഫീസർ സീതാലക്ഷ്മിയുടെയും ശിപാർശപ്രകാരമാണ് ദിവാകരനെ പ്രവേശിപ്പിച്ചത്.
ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഇദ്ദേഹത്തിന് സംരക്ഷണം നൽകാൻ ബന്ധുക്കൾ തയ്യാറായിരുന്നില്ല.കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ ആദ്യമെത്തിക്കും. സാമൂഹ്യനീതി വകുപ്പിന്റെ നേർവഴി പദ്ധതിയുടെ ഭാഗമായി 15 ലക്ഷം രൂപ വർഷം കേന്ദ്രത്തിനായി ചെലവഴിക്കാം. 30 പേർക്കാണ് പ്രവേശനം. പട്ടിക സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയെങ്കിലും ഇതിൽ ചിലർ ഇവിടേക്ക് വരാൻ താത്പര്യം കാണിച്ചിട്ടില്ല. തണലിടത്തിൽ കഴിയുന്നവർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങൾക്കും പുറമെ സ്വയംതൊഴിലിനും പകൽ പുറത്ത് ജോലിക്ക് പോകാനും സൗകര്യമൊരുക്കും.
പ്രവേശനം ഇവർക്ക്
ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയിട്ടും പോകാൻ മറ്റൊരിടമില്ലാത്തവർ
പ്രൊബേഷൻ ഓഫീസർമാരുടെ നിരീക്ഷണത്തിലുള്ള താമസിക്കാൻ ഇടമില്ലാത്തവർ
ശിക്ഷാ കാലാവധിക്കിടെ പരോളിലിറങ്ങി പോകാനിടമില്ലാത്തവർ
റിമാൻൻഡിന് ശേഷം ജാമ്യത്തിലിറങ്ങി തങ്ങാനിടമില്ലാത്തവർ
പ്രവേശനരീതി
18 നും 70നും ഇടയിൽ പ്രായമുള്ള ദൈനംദിന കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിവുള്ളവർക്ക് ജില്ലാ പ്രൊബേഷൻ ഓഫീസർമാരുടെയോ ജയിൽ സൂപ്രണ്ടിന്റെയോ കത്തിന്റെ അടിസ്ഥാനത്തിൽ തണലിടം ഹോം മാനേജർക്ക് താത്കാലികമായി താമസക്കാരെ പ്രവേശിപ്പിക്കാം. കളക്ടർ ചെയർമാനും പ്രൊബേഷൻ ഓഫീസർ കൺവീനറുമായ ജില്ലാ പ്രൊബേഷൻ ഉപദേശക സമിതിയാണ് സ്ഥിരീകരണം നൽകേണ്ടത്. '' ശിക്ഷ കഴിഞ്ഞും ശിക്ഷയ്ക്കിടെയും പുറത്തിറങ്ങുന്നവരെ പലപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും അകറ്റിനിറുത്താറുണ്ട്. അത്തരക്കാർക്ക് തുടർ ജീവിതത്തിനുള്ള സാഹചര്യമാണ് ഒരുക്കുന്നത്." കെ.കെ. സുബൈർ, സ്പെഷ്യൽ ഓഫീസർ, സാമൂഹിക നീതി വകുപ്പ്. ഫോൺ: 8281128237.