covid-19

ന്യൂഡൽഹി: പുതിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ രണ്ട് ദിവസക്കാലത്തേക്ക് ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകികൊണ്ടുള്ള ഓർഡർ പുറത്തിറക്കി ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റീസേർച്ച്. കേടുപാടുകളുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ കാര്യത്തിൽ തങ്ങൾ അന്വേഷണം നടത്തുമെന്നും ഒരു കാരണ വശാലും ഈ വിഷയം അവഗണിക്കില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം അറിയിച്ചു. രാജ്യത്തെ കൊവിഡ് ഹോട്ട്സ്പോട്ടുകളിൽ കൃത്യമായ പരിശോധന നടത്തണമെന്ന് ഐ.സി.എം.ആർ ശുപാർശ ചെയ്തതിനെ തുടർന്ന് ചൈനയിൽ നിന്നും അഞ്ച് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് കേന്ദ്ര സർക്കാർ രാജ്യത്തേക്ക് എത്തിച്ചത്.

ആർ.ടി - പി.സി.ആർ കിറ്റുകളെക്കാൾ താരതമ്യേന പരിശോധനാഫലം വേഗത്തിൽ ലഭിക്കുന്ന കിറ്റുകൾ വേണം കൊവിഡ് പരിശോധനയ്ക്കായി ഉപയോഗിക്കേണ്ടതെന്നും ലബോറട്ടറികളിൽ വച്ചുവേണം പരിശോധന നടത്താനെന്നും ഐ.സി.എം.ആർ നിർദേശിച്ചിരുന്നു. രാജ്യത്തെ നിരവധി സംസ്ഥാനങ്ങളിൽ കൊവിഡ് പരിശോധനയ്ക്ക് ആവശ്യമായ സൗകര്യം ഇല്ലെന്നു കണ്ടുകൊണ്ടായിരുന്നു ഐ.സി.എം.ആർ ഇങ്ങനെ ശുപാർശ ചെയ്തത്. വിഷയം സംബന്ധിച്ച് തങ്ങൾ സംസ്ഥാനങ്ങളിലേക്ക് പ്രതിനിധികളെ അയക്കുമെന്നും സാംപിളുകൾ ശേഖരിക്കുമെന്നും ഐ.സി.എം.ആർ പറഞ്ഞു.

റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വേണ്ടത്ര ഫലപ്രദമല്ലെന്നും കിറ്റുകൾക്ക് 5.4 ശതമാനം കൃത്യത മാത്രമേ ഉള്ളുവെന്നും പറഞ്ഞുകൊണ്ട് രാജസ്ഥാൻ അടുത്തിടെ രംഗത്ത് വന്നിരുന്നു. തുടർന്ന് ഐ.സി.എം.ആർ നടത്തിയ പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്നും മറ്റു ചില സംസ്ഥാനങ്ങളും സമാനമായ പരാതി ഉന്നയിച്ചതായും കണ്ടെത്തിയിരുന്നു. തുടർന്നാണ് കിറ്റുകൾ ഉപയോഗിക്കുന്നത് രണ്ട് ദിവസത്തേക്ക് നിർത്തിവയ്ക്കാൻ ഐ.സി.എം.ആർ തീരുമാനിച്ചത്. ഇതൊരു നല്ല ലക്ഷണമല്ലെന്നും ഇക്കാര്യത്തെ കുറിച്ച് തങ്ങൾ കൂടുതൽ അന്വേഷണം നടത്തുമെന്നും ഐ.സി.എം.ആർ വ്യക്തമാക്കിയിട്ടുണ്ട്.