nita-ambani

കൊച്ചി: രാജ്യത്തെ നിർദ്ധനരായ മൂന്നുകോടിയിലേറെ പേർക്ക് സൗജന്യ ഭക്ഷണം ലഭ്യമാക്കുന്ന 'മിഷൻ അന്ന സേവ" പദ്ധതിക്ക് റിലയൻസ് ഫൗണ്ടേഷൻ തുടക്കമിട്ടു. മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ജീവകാരുണ്യ വിഭാഗമായ റിലയൻസ് ഫൗണ്ടേഷനാണ് പദ്ധതി ഒരുക്കിയത്. ഇതിനകം 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി രണ്ടുകോടിയിലേറെ പേർക്ക് ഭക്ഷണം നൽകി.

ലോകത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് സൗജന്യ ഭക്ഷണ വിതരണ പദ്ധതിയാണിതെന്ന് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ നിത അംബാനി പറഞ്ഞു. ദിവസ വേതനക്കാർ, ഫാക്‌ടറി തൊഴിലാളികൾ, അനാഥാലയ-അഗതിമന്ദിര അന്തേവാസികൾ തുടങ്ങിയവർക്കാണ് ഭക്ഷണം ലഭ്യമക്കുന്നത്. മുംബയിൽ 250 ബെഡ്ഡുകളോടെ ഇന്ത്യയിലെ ആദ്യ കൊവിഡ് ആശുപത്രി റിലയൻസ് സജ്ജമാക്കിയിരുന്നു. പി.എം. കെയേഴ്‌സ് ഫണ്ടിലേക്ക് 500 കോടി രൂപയുൾപ്പെടെ വിവിധ ദുരിതാശ്വാസ ഫണ്ടുകളിലേക്ക് 535 കോടി രൂപയും നൽകി. പി.പി.ഇ കിറ്റുകളും മാസ്‌കുകളും ലഭ്യമാക്കുകയും ചെയ്‌തു.

കേരളത്തിന് ₹5 കോടി

കൊവിഡ് പ്രതിരോധത്തിനായി റിലയൻസ് ഇൻഡസ്‌ട്രീസും റിലയൻസ് ഫൗണ്ടേഷനും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നൽകി. കൊവിഡ് വ്യാപനം തടയാൻ കേരളം സ്വീകരിച്ച നടപടികൾ അഭിനന്ദനാർഹമാണെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.