ചെന്നൈ: കഴിഞ്ഞ ദിവസം ചെന്നൈ നഗരത്തിൽ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുവന്ന ബന്ധുക്കളെയും ആംബുലൻസ് ഡ്രൈവറെയും ജനക്കൂട്ടം ആക്രമിച്ച സംഭവത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ഇത്തരം സംഭവങ്ങൾ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇരുപതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊവിഡ് ബാധിച്ച ചെന്നൈ ന്യൂ ഹോപ് ആശുപത്രി സ്ഥാപകൻ ഡോ.സൈമൺ ഹെർക്കുലീസ് (55) ഞായറാഴ്ചയാണ് മരിച്ചത്. ഭാര്യയും മകനും സഹപ്രവർത്തരും മൃതദേഹവുമായി ചെന്നൈ കിൽപോക് ടിബി ചത്രം ശ്മശാനത്തിലേക്ക് പുറപ്പെട്ടെങ്കിലും ശ്മശാന പരിസരത്ത് ജനക്കൂട്ടം സംഘടിച്ച് പ്രതിഷേധം തുടങ്ങിയിരുന്നു. ഇതറിഞ്ഞ് മൃതദേഹവുമായി
വേലങ്ങാട് ശ്മശാനത്തിലേക്കു തിരിച്ചു. അവിടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കാൻ തുടങ്ങിയതോടെ അറുപതോളം പേർ വടിയും കല്ലുമായി എത്തി. കല്ലേറിൽ ആംബുലൻസ് ഡ്രൈവറുടെ തലപൊട്ടി. ബന്ധുക്കൾക്ക് പരിക്കേറ്റു. തുടർന്ന് അവിടെ നിന്ന് മൃതദേഹവുമായി മടങ്ങേണ്ടിവന്നു. സൈമണിന്റെ സഹപ്രവർത്തകനായ ഡോ. പ്രദീപ് സുരക്ഷാ വസ്ത്രം ധരിച്ച് മൃതദേഹവുമായി ആംബുലൻസ് ഓടിച്ച് പോവുകയായിരുന്നു.
ജനം പിരിഞ്ഞുപോയ ശേഷം അർദ്ധരാത്രി പൊലീസ് കാവലിലാണ് ഡോ. പ്രദീപും മറ്റ് രണ്ടുപേരും ചേർന്ന് മൃതദേഹം സംസ്കരിച്ചത്. ചെന്നൈയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകൻകൂടിയായിരുന്നു ഡോക്ടർ സൈമൺ.ദിവസങ്ങൾക്കു മുമ്പ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരു ഡോക്ടറുടെ മൃതദേഹത്തിനുനേർക്കും അക്രമംഉണ്ടായിരുന്നു. മൃതദേഹം അടക്കം ചെയ്യുന്ന പ്രദേശത്ത് കൊവിഡ് പടർന്നുപിടിക്കുമെന്ന അടിസ്ഥാന രഹിതമായ ആശങ്കയാണ് അക്രമങ്ങൾക്ക് കാരണം.
കൊവിഡ് ബാധിതരായി മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് ക്രമസമാധാന പ്രശ്നമായി മാറുന്ന തമിഴ്നാട്ടിൽ അക്രമം തടയാൻ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മുന്നറിയിപ്പ് നൽകി. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരെ ദൈവതുല്യരായി കാണണമന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.