പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ടു സന്യാസിമാരടക്കം മൂന്നു പേരെ തല്ലിക്കൊന്ന കേസിൽ അറസ്റ്റിലായ 110 പേരെ 30 വരെ റിമാൻഡ് ചെയ്തു. ഇതിൽ പ്രായപൂർത്തിയാകാത്ത ഒൻപത് പേരെ താനെയിലെ റിമാൻഡ് ഹോമിലേക്കാണ് മാറ്റിയത്. കാസ സ്റ്റേഷനിലെ എസ്.ഐയേയും എ.എസ്.ഐയേയും സസ്പെൻഡ് ചെയ്ത സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു.
ആൾക്കൂട്ടക്കൊലപാതകത്തിന് വർഗീയ സ്വഭാവം നൽകാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു എന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കി. കൊല്ലപ്പെട്ട രണ്ടു പേരും സന്യാസിമാരായതിനാൽ ഇതിനെ വർഗീയമായി കാണരുതെന്നും രണ്ടു വ്യത്യസ്ത മതത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരും ആക്രമിച്ചതെന്നുമുള്ള പ്രചാരണവും തെറ്റാണ്. സമൂഹമാദ്ധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. ആക്രമണത്തിലെ ഭൂരിഭാഗം പ്രതികളും ബി.ജെ.പിക്കാരണെന്ന് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ സാവന്ത് ആരോപിച്ചു. കൊലപാതകത്തിൽ പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്യ സംഘടന തുടരുന്ന മൗനം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മാദ്ധ്യമപ്രവർത്തകനും റിപ്പബ്ലിക് ടിവി സ്ഥാപകനുമായ അർണബ് ഗോസ്വാമി സംഘടനയിൽ നിന്ന് രാജി വച്ചു. റിപ്പബ്ലിക് ടിവിയിലെ ചർച്ചാ പരിപാടിക്കിടെയായിരുന്നു രാജി.
16ന് സൂറത്തിൽ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ കാറിൽ പോകുകയായിരുന്ന മുംബയിലെ കാന്തിവ്ലി സ്വദേശികളായ ചിക്നെ മഹാരാജ് കൽപവൃക്ഷഗിരി(70), സുശീൽ ഗിരി മഹാരാജ്(35), നിലേഷ് തെൽഗാഡെ (30) എന്നിവരെയാണ് ജനക്കൂട്ടം ആക്രമിച്ചത്. വാഹനത്തിൽ നിന്ന് വിളിച്ചിറിക്കി ആയുധങ്ങൾ ഉപയോഗിച്ച് തല്ലിക്കൊല്ലുകയായിരുന്നു. അക്രമം തടയാനെത്തിയ പൊലീസുകാരെയും ജനക്കൂട്ടം ആക്രമിച്ചു.