woman

തൃശൂർ: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകൾ കൈവശമുണ്ടെന്ന് പറഞ്ഞുകൊണ്ട് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവരുകയും ചെയ്തയാൾ പൊലീസ് പിടിയിൽ. 46കാരനായ കവലക്കാടൻ ഷൈജു എന്നയാളെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷം മുൻപാണ് ഫേസ്ബുക്ക് വഴി യുവതിയുമായി ഇയാൾ പരിചയപ്പെട്ടത്.

തുടർന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഇയാൾ യുവതിയെ കൊരട്ടിയിലും പിന്നീട് അങ്കമാലിയിലും ലോഡ്ജുകളിൽ എത്തിച്ച് പീഡിപ്പിക്കുകയും ഫോട്ടോകൾ എടുത്തതായി വിശ്വസിപ്പിക്കുകയും ചെയ്തു. ഇതെല്ലാം ഭർത്താവിനെയും വീട്ടുകാരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ പ്രതി കൈക്കലാക്കുകയും ഭീഷണിപെടുത്തുന്നത് തുടരുകയും ചെയ്തു.

ഒരു വർഷത്തോളം ഭീഷണി തുടർന്നതോടെയുവതി ഇക്കാര്യം ഭർത്താവിനെ അറിയിക്കുകയായിരുന്നു. ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. ഇയാളുപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് സൈബർ സെല്ലിനു കൈമാറി. പണയം വച്ച ആഭരണങ്ങൾ കണ്ടെത്തുന്നതടക്കമുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. ഷോർട് ഫിലിം രംഗത്ത് ഇയാൾ പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു.