covid

പത്തനംതിട്ട: ഇറ്റലിയിൽ നിന്നുമെത്തിയ കുടുംബത്തിൽ നിന്നും കൊവിഡ് രോഗം പകർന്ന 62കാരിക്ക് പരിശോധനാഫലം പോസിറ്റീവായത് 19 തവണ. വൃദ്ധ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ലെന്നും കൊവിഡ് വൈറസിന്റെ ചഞ്ചല സ്വഭാവത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നതെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് രോഗത്തെ ഇല്ലായ്‌മ ചെയ്യാൻ ശ്രമിക്കുമ്പോൾ വൈറസിന്റെ സ്വഭാവത്തിൽ വരുന്ന മാറ്റം അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നുണ്ടെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.

വൃദ്ധ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചിട്ട് 42 ദിവസം പിന്നിടുകയാണ്. വൃദ്ധയുടെ രോഗം മാറ്റാൻ പല മരുന്ന് കൂട്ടുകളും നിരവധി തവണ തങ്ങൾ പ്രയോഗിച്ചതായും വിഷയത്തിൽ സംസ്ഥാന മെഡിക്കൽ ബോർഡിന്റെ ഉപദേശം തങ്ങൾ തേടിയിട്ടുണ്ടെന്നും ജില്ലാമെഡിക്കൽ ഓഫീസർ എൻ. ഷീജ പറയുന്നു.

രോഗിയായ വൃദ്ധ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും കാട്ടുന്നില്ലെന്നും എന്നാൽ അവർ മൂലം മറ്റുള്ളവരിലേക്ക് രോഗം പകരാൻ സാദ്ധ്യതയുണ്ടെന്നും മെഡിക്കൽ ഓഫീസർ ചൂണ്ടിക്കാട്ടി. വീണ്ടും പരിശോധനാഫലം നെഗറ്റീവ് ആവുകയാണെങ്കിൽ രോഗിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും അവർ അറിയിച്ചു.ഫെബ്രുവരി 29ന് നാട്ടിലെത്തിയ ഇറ്റലി കുടുംബത്തിൽ നിന്നും കൊവിഡ് രോഗം ബാധിച്ച വൃദ്ധയെ മാർച്ച് 10നാണ് ചികിത്സയിൽ പ്രവേശിപ്പിച്ചത്.