kamal-nath

ഭോപ്പാൽ: ബി.ജെ.പി അട്ടിമറിയിലൂടെ ഭരണം നേടി ഒരുമാസത്തിനുശേഷം മദ്ധ്യപ്രദേശിൽ അഞ്ച് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണം നേടിയെങ്കിലും മുഖ്യമന്ത്രിയല്ലാതെ മറ്റ് മന്ത്രിമാരൊന്നും സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ലോക്ക്ഡൗൺ മൂലമാണ് മന്ത്രിസഭാ വികസനം നടത്താതിരുന്നതെന്നാണ് റിപ്പോർട്ട്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം ഭോപ്പാലിൽ നടന്ന ലഘുവായ ചടങ്ങിൽ ഗവർണർ ലാൽജി ടണ്ടൺ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. അതേസമയം, കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് വളരെ പ്രധാനമായ ആരോഗ്യ മന്ത്രിസ്ഥാനം ആർക്കും നൽകിയിട്ടില്ല. നിലവിൽ ഒരോ മന്തിമാർക്കും രണ്ട് വകുപ്പുകൾ വീതം നൽകിയെന്നാണ് വിവരം. ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് മൂന്നിന് വീണ്ടും മന്ത്രിസഭാ വികസനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ആറുതവണ എംഎൽഎ ആയും ഒരിക്കൽ മന്ത്രിയുമായിരുന്ന നരോത്തം മിശ്ര, മീനാ സിങ്, കമൽ പട്ടേൽ,തുളസീറാം സിലാവത്, ഗോവിന്ദ് സിങ് രാജ്പുത് എന്നിവരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇവരിൽ രണ്ടുപേർ എംഎൽഎ സ്ഥാനം രാജിവെച്ച് കോൺഗ്രസിൽ നിന്ന് വിട്ട് വന്നവരാണ്. കോൺഗ്രസ് യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നതോടെ 22 എംഎൽഎമാരാണ് സംസ്ഥാനത്ത് രാജിവെച്ചത്. ഇതോടെയാണ് കമൽനാഥ് സർക്കാർ താഴെവീണത്.