കൊൽക്കത്ത: കൊവിഡിന്റെ സാഹചര്യത്തിലും കേന്ദ്ര സർക്കാരിനോട് പോര് നടത്താനൊരുങ്ങി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്തെ ലോക്ക്ഡൗൺ സാഹചര്യങ്ങൾ നിരീക്ഷിക്കാൻ എത്തിയ കേന്ദ്ര സമിതിക്ക് തടസങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ് മമത സർക്കാർ കേന്ദ്ര തീരുമാനത്തെ ധിക്കരിക്കാൻ ശ്രമിച്ചത്.
സംസ്ഥാനത്ത് എത്തിയ നിരീക്ഷണ സമിതിയെ ആദ്യം പുറത്തിറങ്ങാൻ സംസ്ഥാന സർക്കാർ അനുവദിച്ചില്ല. ഇവരെ സ്ഥലങ്ങൾ സന്ദർശിക്കാനോ, ആരോഗ്യ രംഗത്തെ വിദഗ്ദരെ കാണാനോ വിവിധ സ്ഥലങ്ങളിലെ സാഹചര്യം വിലയിരുത്താനോ സംസ്ഥാനം അനുവദിച്ചില്ല.
തുടർന്ന് കേന്ദ്ര സർക്കാർ ആഭ്യന്തര മന്ത്രാലയം വഴി സംസ്ഥാനത്തിന് ശക്തമായ മുന്നറിയിപ്പ് നൽകിയപ്പോഴാണ് കേന്ദ്രത്തിന്റെ ലോക്ക്ഡൗൺ നിർദേശങ്ങൾ സംസ്ഥാനം പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ മമത സർക്കാർ സമിതിയെ അനുവദിച്ചത്. ആഭ്യന്തര മന്ത്രാലയം ഒരു കത്തിലൂടെയാണ് മമത സർക്കാരിന് മുന്നറിയിപ്പ് നൽകിയത്.
സംസ്ഥാന, തദ്ദേശ ഭരണകൂടങ്ങൾ കൊൽക്കത്ത, ജൽപൈഗുരി എന്നീ സ്ഥലങ്ങളിൽ എത്തിയ കേന്ദ്ര സംഘങ്ങളുമായി സഹകരിക്കാൻ കൂട്ടാക്കാത്ത ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇങ്ങനെ പ്രവർത്തിക്കുന്നത് ദുരന്ത നിവാരണ നിയമങ്ങളുടെയും സുപ്രീം കോടതി നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ കേന്ദ്രംനൽകിയ നിർദേശത്തിന്റെ ലംഘനമാണെന്നാണ് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയത്.
തുടർന്ന് കേന്ദ്ര നിർദേശങ്ങൾ സംസ്ഥാനം പാലിക്കണമെന്നും സമിതിക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകണമെന്നും അവരെ അവരുടെ ഉത്തരവാദിത്തങ്ങൾ നടപ്പാക്കാൻ അനുവദിക്കണമെന്നും കേന്ദ്രം സംസ്ഥാനത്തോട് വ്യക്തമാക്കി.
ആരോഗ്യ പ്രവർത്തകർ, ആരോഗ്യ മേഖലയിലെ വിദഗ്ദർ, ദുരന്തര നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരാണ് കേന്ദ്ര സമിതിയിൽ ഉൾപ്പെടുന്നത്. സംസ്ഥാനങ്ങൾ കൊവിഡ് രോഗത്തിനെതിരെ പോരാടുമ്പോൾ, രോഗത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് പകരം കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കെതിരെ യുദ്ധം ചെയ്യുകയാണെന്ന് അടുത്തിടെ മമത പ്രസ്താവന നടത്തിയിരുന്നു.