ജനീവ: കൊവിഡ് 19 രോഗം ലോകമാകെ സംഹാര താണ്ഡവമാടാൻ കാരണമായ രോഗാണു പുറത്തുവന്നത് ലാബിൽ നിന്നുമാണെന്ന വാദം വാസ്തവിരുദ്ധമാണെന്ന് ലോകാരോഗ്യ സംഘടന. സംഘടനാ വക്താവായ ഫദേല ചൈബ് ജനീവയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇതേക്കുറിച്ച് വിശദീകരിച്ചത്.
ലഭിച്ചിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് കൊറോണ വൈറസ് വ്യാപിച്ചത് മൃഗങ്ങളിൽനിന്നാണെന്നും ഈ വൈറസ് ലാബിൽ സൃഷ്ടിച്ചതോ അതിന് മനപ്പൂർവം ആരെങ്കിലും രൂപം നൽകിയതോ അല്ലെന്നും ചൈബ് പറഞ്ഞു.
വൈറസിനെ ലാബിൽ വച്ചാണ് സൃഷ്ടിച്ചതെന്ന തരത്തിലുള്ള വാദങ്ങൾക്ക് അടിസ്ഥാനമാകുന്ന തെളിവുകളൊന്നും നിലവിൽ ലഭിച്ചിട്ടില്ലെന്നും ചൈബ് വ്യക്തമാക്കി. ചൈനയിലെ വുഹാനിലെ ലാബിൽവച്ച് സൃഷ്ടിച്ചെടുത്ത വൈറസാണ് ലോകമെങ്ങും കൊറോണ മഹാമാരിക്കിടയാക്കിയതെന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആരോപിച്ചിരുന്നു.
ചൈനയുടെ ഇത് മനഃപൂർവ്വം ചെയ്തതാണെന്ന് തെളിഞ്ഞാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. കൊവിഡ് വൈറസിന്റെ കാര്യത്തിൽ ചൈന ഇരയാണെന്നും പ്രതിയല്ലെന്നും ട്രംപിന് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് മറുപടി നൽകുകയുമുണ്ടായി. വുഹാനിലുള്ള വൈറോളജി ലാബിൽ അമേരിക്കൻ സംഘത്തെ അനുവദിക്കണമെന്ന ട്രംപിന്റെ ആവശ്യവും ചൈന തള്ളിയിരുന്നു.