ലക്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ കഴിഞ്ഞയാഴ്ച ആരോഗ്യ പ്രവർത്തകരെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ പ്രതി ചേർത്ത അഞ്ച് പേർക്ക് കൊവിഡ് 19 രോഗബാധ. നവാബ്പുര പ്രദേശത്ത് കൊവിഡ് 19 സ്ഥിരീകരിച്ചയാളുടെ കുടുംബാംഗങ്ങളെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റാനെത്തിയ ആരോഗ്യ പ്രവർത്തകരെയാണ് പ്രദേശവാസികൾ നേരത്തെ കല്ലെറിഞ്ഞ് ഓടിച്ചത്.
കല്ലേറിൽ ആരോഗ്യപ്രവർത്തകർ വന്ന ആംബുലൻസ് തകരുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവിടേക്ക് വന്ന പൊലീസ് ജീപ്പിന് നേരെയും കല്ലേറുണ്ടായി. സംഭവത്തിൽ 17 പേരെ പ്രതിചേർത്ത് കേസെടുക്കുകയും ഇവരുടെ ശരീര സാംപിളുകൾ പരിശോധനക്കായി റാം മനോഹർ ലോഹ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതിൽ അഞ്ച് പേരുടെ ഫലം പൊസിറ്റീവ് ആണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.