പോഷകസമൃദ്ധമായ ഭക്ഷണം പേശികളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ അനിവാര്യമാണ്. പ്രായപൂർത്തിയായ ഒരാൾ ശരീരഭാരത്തിനനുസരിച്ച് ഒരു കിലോഗ്രാമിന് 0.8 ഗ്രാം എന്ന അനുപാതത്തിലാണ് പ്രോട്ടീൻ കഴിക്കേണ്ടത്. പയർ വർഗങ്ങൾ, പരിപ്പ് വർഗങ്ങൾ, ധാന്യങ്ങൾ എന്നിവയിൽ പ്രോട്ടീൻ ധാരാളമുണ്ട്. ചെറുപയർ, വൻപയർ എന്നിവ പ്രോട്ടീന്റെ കലവറയാണ് . വേവിച്ച ഒരു കപ്പ് പയറിൽ 14 ഗ്രാം പ്രോട്ടീനുണ്ട്. മീൻ, മുട്ട, മാംസം, പാൽ, സോയാബീൻ, തുടങ്ങിയവയും പ്രോട്ടീൻ സമ്പന്നമാണ്. പാലുത്പന്നങ്ങൾ പേശികളുടെ ആരോഗ്യം ഉറപ്പാക്കുന്നു. പനീറിൽ കലോറി കുറവും പ്രോട്ടീൻ കൂടുതലുമാണ്. നാല് ഔൺസ് പനീറിൽ 14 ഗ്രാം പ്രോട്ടീനുണ്ട്. ആറ് ഔൺസ് യോഗർട്ടിൽ അഞ്ച് ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. വ്യായാമത്തിനുശേഷം 20 ഗ്രാം പ്രോട്ടീൻ കഴിക്കുന്നത് ശരീരകലകളിൽ പ്രോട്ടീൻ ഉത്പാദനത്തിനും പേശികളുടെ പുനർനിർമ്മാണത്തിനും സഹായിക്കും. ആപ്പിൾ, മാതളം, സ്ട്രോബെറി, ചെറി എന്നീ ചുവന്ന പഴങ്ങളിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ സ്ഥിരമായി കഴിച്ചാൽ പേശികൾക്ക് ആരോഗ്യം ഉറപ്പാക്കാം.