ന്യൂയോർക്ക്: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊവിഡ് പടരുന്നു. മഹാമാരിയെ തുടര്‍ന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 177,608 ആയി. രോഗബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. യു.എസില്‍ മാത്രം മരിച്ചവരുടെ എണ്ണം 44,845 ആയി. ന്യൂയോർക്കിൽ രോഗവ്യാപനത്തിന് കുറവുണ്ടെങ്കിലും പുതിയ ഹോട്ട് സ്‌പോട്ടായ മസാച്ചുസെറ്റ്സിൽ ഒരാഴ്ച കൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയായി.1700 മരണം. ന്യൂയോർക്കിൽ രോഗവ്യാപനത്തിന് ശമനമുണ്ടെങ്കിലും നിയന്ത്രണങ്ങൾ നീക്കാൻ സമയമായിട്ടില്ലെന്നാണ് ഗവർണർ ആൻഡ്രൂ കൂമോ പറഞ്ഞു.
സ്പെയിനിൽ രോഗികളുടെ എണ്ണം 2.04 ലക്ഷം കടന്നു. ഇറ്റലിയിൽ മൊത്തം രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1,83,957 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. കാൽ ലക്ഷത്തോളം പേരാണ് ഇറ്റലിയിൽ മരിച്ചത്. ഫ്രാൻസിൽ 1.55 ലക്ഷം പേർക്കും ജർമനിയിൽ 1.47 ലക്ഷം പേർക്കും ബ്രിട്ടനിൽ 1.25 ലക്ഷം പേർക്കും തുർക്കിയിൽ 90000 പേർക്കും ഇറാനിൽ 85000 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, കൊവിഡ് പ്രതിസന്ധിയിൽ ലോകത്ത് പട്ടിണി പതിന്മടങ്ങ് വര്‍ദ്ധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരുടെ എണ്ണം 265 ദശലക്ഷമായി ഉയരുമെന്ന് യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു.
ലോക്ക്ഡൗൺ കാരണം വൻകിട കമ്പനികൾക്ക് ഉൾപ്പെടെ കോടികളാണ് ഇതിനകം നഷ്ടമായിട്ടുള്ളത്. ആഫ്രിക്കൻ രാജ്യങ്ങളാണ് വലിയ ദുരിതം ഏറ്റുവാങ്ങുകയെന്നും യു.എൻ വ്യക്തമാക്കുന്നുണ്ട്. ആഫ്രിക്കയിൽ പലയിടത്തും കൊവിഡ് പടർന്നുപിടിക്കുകയാണ്.