jio-

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റായ ജിയോയുടെ 9.9 ശതമാനം ഓഹരി വാങ്ങി സമൂഹമാദ്ധ്യമ കമ്പനിയായ ഫേസ്ബുക്ക്. 43,574 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ ജിയോയിലെ ഏറ്റവും വലിയ മൈനോരിറ്റി ഓഹരി ഉടമയായി ഫേസ്ബുക്ക് മാറി. ലോകത്തെ ഒരു ടെക്നോളജി കമ്പനി മൈനോരിറ്റി സ്റ്റോക്കിനു വേണ്ടി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. ഇന്ത്യന്‍ സാങ്കേതികവിദ്യാ മേഖലയിലെ ഏറ്റവും വലിയ നേരിട്ടുളള വിദേശ നിക്ഷേപമാണിതെന്നും റിലയന്‍സ് അറിയിച്ചു.


ചെറുകിട ബിസിനസുകളുമായി ബന്ധപ്പെടാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനായി റിലയൻസിന്റെ ഇ-കൊമേഴ്‌സ് സംരംഭമായ ജിയോമാർട്ടുമായി സഹകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഫേസ്ബുക്ക് പറഞ്ഞു. ഗൂഗിൾ പേ, പേടിഎം തുടങ്ങിയവയുമായി മത്സരിക്കാൻ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ് ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് സേവനം ആരംഭിക്കാന്‍ പോകുന്നുവെന്ന സൂചനകള്‍ക്കിടയിലാണ് ഈ നീക്കം. ഇന്ത്യയിൽ 400 ദശലക്ഷം ഉപഭോക്താക്കളാണ് വാട്‌സാപിനുളളത്.

അതേസമയം ജിയോയുടെ സ്വാധീനം പുതിയ സംരഭങ്ങൾക്ക് കരുത്തുപകരുമെന്നും, ജിയോയുമായി ചേർന്ന് കൂടുതൽ ജനങ്ങളെ ബന്ധിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണ് ഫേസ്ബുക്ക് എന്നും സിഇഒ മാർക്ക് സക്കർബർഗ് വ്യക്തമാക്കി. കൊവി‌ഡിനെ തുടർന്ന് ലോകം മുഴുവന്‍ ലോക്ക്ഡൗണിലായ സാഹചര്യത്തില്‍ കൂടുതൽ ആളുകളെ നെറ്റ്‌വർക്കിലൂടെ ബന്ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.