കാത്തിരിക്കുകയായിരുന്നു നമ്മളെല്ലാം. ഇരുപത്തിയൊന്ന് ദിവസത്തെ അടച്ചിരിപ്പിനു ശേഷം സ്വാതന്ത്ര്യത്തോടെ ഈ ലോകത്തേക്കിറങ്ങാൻ. നമ്മുടെ ഇടങ്ങളിലേക്ക്, നാം നടന്ന വഴികളിലേക്ക്, കൂട്ടുകൂടിയിരുന്ന ഇടങ്ങളിലേക്ക്, നമ്മുടെ അങ്ങാടികളിലേക്ക്, കടലോരങ്ങളിലേക്ക്, കളിസ്ഥലങ്ങളിലേക്ക്, ആഘോഷ സംഗമങ്ങളിലേക്ക്, തൊഴിലിടങ്ങളിലേക്ക്, ആരാധനാലയങ്ങളിലേക്ക്, ഉത്സവപ്പറമ്പുകളിലേക്ക്, ഹൃദ്യമായ സായാഹ്നങ്ങളിലേക്ക്, സന്തോഷപൂർണമായ രാവുകളിലേക്ക് തിരിച്ചുപോകാൻ.ജീവിതത്തെ തിരിച്ചുപിടിക്കാൻ.
അതെ, നമ്മൾ കാത്തിരിക്കുകയായിരുന്നു. ലോക്ക് ഡൗണിന്റെ അതിർത്തികൾക്കപ്പുറം തനിച്ചായിപ്പോയ മാതാപിതാക്കളെ കാണാൻ, കുടുംബത്തെ കാണാൻ, കുഞ്ഞുങ്ങളെ ചേർത്തുപിടിക്കാൻ,രോഗികളായ പ്രിയപ്പെട്ടവരെ സന്ദർശിക്കാൻ, മുറിഞ്ഞുപോയ സൗഹൃദങ്ങളിൽ വീണ്ടും കണ്ണിചേരാൻ... നാമെല്ലാം വെമ്പലോടെ കാത്തിരിക്കുകയായിരുന്നു.നമുക്ക് ചെയ്തുതീർക്കാൻ ഏറെയുണ്ടായിരുന്നു പാതിയിൽ നിന്നുപോയ ജോലികൾ,വീട്ടേണ്ട ബാദ്ധ്യതകൾ, മുടങ്ങാതിരിക്കേണ്ട കടമകൾ, മുന്നോട്ടുള്ള യാത്രയ്ക്കു വേണ്ട തയ്യാറെടുപ്പുകൾ...എന്നാൽ രാജ്യം പറഞ്ഞു- അരുത്, ആയിട്ടില്ല. അല്പം കൂടി ക്ഷമിക്കൂ. നിങ്ങൾക്കു വേണ്ടി, നമുക്കു വേണ്ടി, നാടിനു വേണ്ടി നമ്മിലേക്കുള്ള മടക്കം. സ്വാതന്ത്ര്യത്തിന്റെ പടിവാതിൽക്കൽ വച്ച് വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോൾ നാം തിരിച്ചെത്തുന്നത് നമ്മിലേക്കു തന്നെയാണ്. നമ്മുടെ തന്നെ ഓർമകളിലേക്ക്, കടന്നുപോയ വഴികളിലേക്ക്. നഷ്ടപ്പെടുമ്പോഴാണ് എന്തിന്റെയും വിലയറിയുന്നത്. സ്വാതന്ത്ര്യവും അങ്ങനെ തന്നെ. ഈ ഭൂമിയിൽ, ഈ നാട്ടിൽ നാമെത്രമേൽ സ്വതന്ത്രരായിരുന്നു! സ്‌കൂളുകളിലേക്ക് നാം നടന്നുപോയ വഴികൾ, നാം കളിച്ച വീട്ടുതൊടികൾ, വളരുന്തോറും നാം കണ്ട സ്വപ്നങ്ങൾ, നാം തേടിയ ജോലികൾ, ഒടുവിൽ എത്തിച്ചേർന്ന ഇടങ്ങൾ, നമ്മുടെ അദ്ധ്വാനങ്ങൾ, ആത്മസംതൃപ്തികൾ, പ്രിയപ്പെട്ടവരുമൊത്ത് ചെലവഴിച്ച നിമിഷങ്ങൾ, കണ്ട് അമ്പരന്ന മനോഹര കാഴ്ചകൾ, തനിച്ചു സഹിച്ച സഹനങ്ങൾ, ആരോരുമറിയാതെ ഉള്ളിൽ സൂക്ഷിക്കുന്ന ആധികൾ, കാണാതെ പോയ വീട്ടുവിസ്മയങ്ങൾ...എന്തു വേഗമായിരുന്നു നമ്മുടെ ഓട്ടത്തിന്! എന്തൊരു ആവേശമായിരുന്നു വെട്ടിപ്പിടിക്കാൻ? ഈ ഓട്ടത്തിനിടെ നാം കണ്ടതെത്ര! കാണാതെ പോയതെത്ര! കേട്ടതെത്ര, കേൾക്കാതെ പോയതെത്ര? കണ്ട വിദൂരവിസ്മയങ്ങളെക്കാൾ മോഹനം കാണാതെ പോയ വീട്ടുവിസ്മയങ്ങളാണെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കും. നമ്മുടെ വയോജനങ്ങൾ അനുഭവിക്കുന്ന ഏകാന്തത ചിലരെങ്കിലുമൊക്കെ മനസ്സിലാക്കിയിരിക്കാം. പുറത്തിറങ്ങാനാവാതെ ജാലകത്തിലൂടെ നോക്കിയിരിക്കുമ്പോൾ ചിലരെങ്കിലും പറഞ്ഞിരിക്കാം... ലോകം എത്രമേൽ മനോഹരമാണ്! എത്ര വിശാലമാണ്!
സ്വയമണിഞ്ഞ വിലങ്ങുകൾ മാറ്റി, അധികം വൈകാതെ വീണ്ടും ലോകത്തേക്കിറങ്ങുമ്പോൾ നാമെല്ലാം പങ്കിടുന്ന പൊതുചോദ്യമുണ്ട്. എവിടെ തുടങ്ങണം? എങ്ങോട്ടു പോകണം? എനിക്കിനി സാധിക്കുമോ? ഒരു ഗ്രീക്ക് എഴുത്തുകാരന്റെ ആത്മകഥയിലെ രംഗം ഓർമ വരുന്നു. അദ്ദേഹം കുട്ടിക്കാലം ഓർക്കുകയാണ്. കൊടും മഴ, പ്രളയം നാടിനെ മുക്കിയിരിക്കുന്നു. അവരുടെ മുന്തിരിപ്പാടങ്ങൾ മുഴുവൻ മുങ്ങിപ്പോയത് അവൻ കണ്ടു. അദ്ധ്വാനിച്ചതെല്ലാം പ്രകൃതിയെടുത്തിരിക്കുന്നു.വീടിന്റെ നനഞ്ഞ വാതിൽപ്പടിയിൽ അച്ഛൻ നിൽപുണ്ടായിരുന്നു. അച്ഛൻ പട്ടാളക്കാരനായിരുന്നു. ഒരുപാട് യുദ്ധങ്ങൾ കടന്നുപോന്നയാൾ. തീക്ഷ്ണമായി ജീവിതം രുചിച്ചയാൾ. വിറച്ചുവിറച്ച് അവൻ ചോദിച്ചു- നമ്മുടെ മുന്തിരി മുഴുവൻ പോയി, അല്ലേ അച്ഛാ? അപ്പോൾ മുഴങ്ങുന്ന സ്വരത്തിൽ അച്ഛൻ പറഞ്ഞു: നമ്മൾ പോയില്ലല്ലോ!സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങൾ തിരിച്ചുവരുമ്പോൾ നമുക്കും പറയാറാവണം 'നമ്മൾ പോയില്ലല്ലോ.'നാം ശേഷിച്ചാൽ മറ്റെന്തും നമുക്ക് തിരിച്ചുപിടിക്കാം അതിനായി നാം ക്ഷമിച്ചിരുന്നേ മതിയാവൂ. നമുക്കു വേണ്ടി, നാടിനു വേണ്ടി. ആശങ്കകളുടെയും നിരാശകളുടേയും വേദനകളുടെയും വിഷാദങ്ങളുടെയും അപ്പുറത്തു നിന്ന് ഞാനൊരു ഗാനം കേൾക്കുന്നു. പീറ്റ് സീഗർ എന്ന അമേരിക്കൻ നാടോടി ഗായകന്റെ പ്രത്യാശാഭരിതമായ ആ ഗാനം. വി ഷാൽ ഓവർകം..
വി ഷാൽ ഓവർകം സം ഡേ...